ലക്നൗ : അയോധ്യയിലെ പള്ളി നിർമ്മാണം വൈകുന്നതായി പരാതി. മസ്ജിദ് വികസന സമിതി കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സമാഹരിച്ചത് 90 ലക്ഷം രൂപമാത്രമാണെന്നാണ് റിപ്പോർട്ട് . കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് എന്തുകൊണ്ടാണ് പള്ളിക്കായി ഒരു ഇഷ്ടിക പോലും വെച്ചില്ലെന്ന ചോദ്യമാണ് വിവിധയിടങ്ങളിൽ നിന്ന് ഉയരുന്നത്. കഴിഞ്ഞ ജനുവരിയിലാണ് അയോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്നത്.
വഖഫ് ബോർഡിന് അനുവദിച്ച അഞ്ച് ഏക്കർ ഭൂമി ഇപ്പോൾ കാട് പിടിച്ചുകിടക്കുകയാണ്. നിർദ്ദിഷ്ട മസ്ജിദിന്റെ ചിത്രമുള്ള ഒരു ബോർഡ് മാത്രമാണിപ്പോഴതിലുള്ളത്. പള്ളിയുടെ നിർമ്മാണ ചുമതലയുള്ള ട്രസ്റ്റ് 2020 ഡിസംബറിൽ നിർദ്ദിഷ്ട പള്ളിയുടെ ഡിസൈൻ പുറത്തുവിട്ടിരുന്നു. ഫണ്ട് ലഭിക്കുന്നതിൽ വലിയ കുറവുണ്ടെന്നും ട്രസ്റ്റ് പറയുന്നു.
മുസ്‍ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും പള്ളി നിർമ്മിക്കുന്നതിൽ വലിയ താൽപര്യമില്ലെന്നതാണ് സംഭാവനകളിലുണ്ടാകുന്ന കുറവ് കാണിക്കുന്നതെന്ന് ചീഫ് ട്രസ്റ്റി സഫർ ഫാറൂഖി പറഞ്ഞു. നിലവിലെ ഡിസൈൻ പ്രകാരം മസ്ജിദ് നിർമ്മാണത്തിന് മാത്രം 6-7 കോടി രൂപയെങ്കിലും ചെലവ് വരും. നിലവിലെ സാഹചര്യത്തിൽ ഫണ്ട് കണ്ടെത്താൻ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ (ഭേദഗതി) ആക്ട്, 2020 പ്രകാരം വിദേശ ധനസഹായം സ്വീകരിക്കാനുള്ള അനുമതിക്കായി ട്രസ്റ്റ് ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകിയിരിക്കുകയാണെന്നും സഫർ ഫാറൂഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: