മുംബൈ : മുംബൈയിലെ കലീനയിലെ ഒരു വീട്ടിൽ പത്ത് ദിവസത്തെ ഗണേഷ ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഗണപതി വിഗ്രഹത്തോടൊപ്പമുള്ള അലങ്കാരങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രമേയമാക്കിയത് ഏറെ ശ്രദ്ധ നേടുന്നു. ആഗസ്റ്റ് 9 ന് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ മാതൃക തിരഞ്ഞെടുത്തതെന്ന് അലങ്കാരപണികളുടെ നിർമ്മാതാവ് ശുഭം വന്മല വ്യക്തമാക്കി.
കൊൽക്കത്തയിലെ സംഭവം ദേശീയ രോഷത്തിന് കാരണമായിട്ടുണ്ട്. അടുത്തിടെ നിരവധി സംസ്ഥാനങ്ങളിൽ ഡോക്ടർമാർ പണിമുടക്കുകയും ഇരയ്‌ക്ക് നീതി തേടി പൗരന്മാരുടെ ഗ്രൂപ്പുകൾ ദിവസവും പ്രതിഷേധം നടത്തുകയും ചെയ്തു. ഇത് തനിക്ക് പ്രചോദനമായെന്ന് ശുഭം പറയുന്നു.
കൊൽക്കത്തയിലെ ഭീകരതയും രാജ്യത്തുടനീളമുള്ള മറ്റ് ചില സംഭവങ്ങളും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. അതിനാലാണ് ഇത്തവണത്തെ ഗണപതി ഉത്സവത്തിന്റെ അലങ്കാരത്തിനായി ഈ തീം തിരഞ്ഞെടുത്തുവെന്ന് ശുഭം പറഞ്ഞു.
അലങ്കാരങ്ങൾ പൂർത്തിയാക്കാൻ തനിക്ക് 15 ദിവസമെടുത്തു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, സുപ്രീം കോടതിയുടെ കാർഡ്ബോർഡ് മാതൃകകൾ, ആർജി കർ ആശുപത്രി, പശ്ചിമ ബംഗാൾ അസംബ്ലി, ലേഡി ഓഫ് ജസ്റ്റിസിന്റെ പ്രതിമ എന്നിവ ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2018 മുതൽ സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി താൻ അലങ്കാരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. 9/11 ആക്രമണവും കോവിഡ് പാൻഡെമിക് സമയത്തെ ആശുപത്രികളും ശുഭത്തിന്റെ മുൻകാല സൃഷ്ടികളിൽ ഉൾപ്പെടുന്നു. തനിക്ക് ഒരു ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഔപചാരിക പരിശീലനമൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ സമകാലിക വിഷയങ്ങളിലുള്ള താത്പര്യം കൊണ്ടാണ് ഇത്തരം അലങ്കാരങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത ബലാത്സംഗ-കൊലപാതകക്കേസിലെ പ്രതികൾക്ക് ഭഗവാൻ ഗണേശൻ കഠിനമായ ശിക്ഷ നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ശുഭം കൂട്ടിച്ചേർത്തു. വിഗ്രഹവും അനുബന്ധ അലങ്കാരവും കാണാൻ വന്മലയുടെ സ്ഥലത്ത് സ്ഥിരമായി സന്ദർശകരുടെ പ്രവാഹം ഉണ്ട്. സെപ്തംബർ 7ന് ആരംഭിച്ച ഉത്സവം 17ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: