കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ കോഴിക്കോടിന്റെ സ്വന്തം ടീം കാലിക്കറ്റ് എഫ്സി ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. രാത്രി ഏഴിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ട്രിവാന്‍ഡ്രം കൊമ്പന്‍സാണ് എതിരാളികള്‍.
2021- 22 സീസണില്‍ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ജിജോ ജോസഫാണ് ടീമിന്റെ നായകന്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരവും ഹെയ്തി അന്താരാഷ്‌ട്ര താരവുമായിരുന്ന കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടാണ് ടീമിന്റെ പ്രധാന സ്ട്രൈക്കര്‍. ബെല്‍ഫോര്‍ട്ടിനെ കൂടാതെ സെനഗല്‍ താരങ്ങളായ പാപെ ഡയകെറ്റ്, ബോബാകര്‍ സിസോകോ, ഘാന താരങ്ങളായ ജെയിംസ് അഗ്യേകം കൊട്ടെയ്, റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങ്, ഏണസ്റ്റ് ബാര്‍ഫോ എന്നിവരാണ് ടീമിലെ മറ്റ് വിദേശ താരങ്ങള്‍. അബ്ദുള്‍ ഹക്കു, താഹിര്‍ സമാന്‍, വി. അര്‍ജുന്‍ തുടങ്ങിയ മലയാളി താരങ്ങളും ടീമിന് കരുത്തേകും.
ഇന്നത്തെ ആദ്യ കളിയില്‍ വിജയത്തോടെ തുടങ്ങാനാണ് ജിജോ ജോസഫും സംഘവും തയാറെടുത്തിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലും കോച്ച് ഇയാന്‍ ആന്‍ഡൂ ഗില്ലനും നായകന്‍ ജിജോ ജോസഫും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മറുവശത്ത് ട്രിവാന്‍ഡം കൊമ്പന്‍സും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ജയിച്ചു തുടങ്ങാനുറച്ചാണ് അവര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരിക്കാനിറങ്ങുന്നത്.
ബ്രസീലിയന്‍ താരമായ പാട്രിക് മോത്തയാണ് ടീമിന്റെ നായകന്‍. നായകനുള്‍പ്പെടെ അവരുടെ ആറ് വിദേശ താരങ്ങളും ബ്രസീലുകാരാണ്.
ഡാവി ഖുന്‍, മൈക്കല്‍ അമേരികോ, റെനാന്‍ ജനോറിയോ, ഓട്ടോമെര്‍ ബിസ്പോ, മാര്‍കോസ് വില്‍ഡര്‍ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. മത്സരങ്ങള്‍ സ്റ്റാര്‍ പ്ലസിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: