കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ കൊലപാതകക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡോക്ടറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണായക രേഖ കാണാതെ പോയതിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കൈമാറിയപ്പോള്‍ നല്കിയ ചലാനാണ് കാണാതെ പോയത്. രേഖ ആവശ്യപ്പെട്ട കോടതിയോട് അത് കാണാനില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്നും ഇതില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. രേഖകള്‍ നഷ്ടമായെങ്കില്‍ അവ കൃത്രിമമായി സൃഷ്ടിച്ച് ഹാജരാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്നും വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും ബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിക്കാന്‍ സിബിഐക്കും കോടതി നിര്‍ദേശം നല്കി.
ഡോക്ടറുടെ മരണത്തിനും എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിനും ഇടയില്‍ 14 മണിക്കൂര്‍ കാലതാമസമുണ്ടായതെങ്ങനെ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാനും സിബിഐയോട് 17നകം അന്വേഷണ പുരോഗതി വിശദമാക്കി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി ഹാജരായത്.
ആര്‍ജി കര് മെഡിക്കല്‍ കോളജിന്റെ സുരക്ഷയ്ക്കായി വിന്യസിച്ച സിഐഎസ്എഫുകാര്‍ക്ക് താമസ സൗകര്യം ഒരുക്കി നല്‍കണമെന്ന് ബംഗാളിലെ ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോടും സിഐഎസ്എഫിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനോടും കോടതി നിര്‍ദേശിച്ചു. സിഐഎസ്എഫുകാരുടെ എല്ലാ ആവശ്യങ്ങളും, സുരക്ഷയ്ക്കാവശ്യമായ എല്ലാ ഉപകരണങ്ങളും ഉടന്‍ കൈമാറണമെന്നും ഉത്തരവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: