ഇംഫാല്‍: കേന്ദ്രസേനയെയും ആസാം റൈഫിള്‍സിനെയും നിയന്ത്രിക്കാനുള്ള അവകാശം മുഖ്യമന്ത്രി ഡോ. ബിരേന്‍ സിങ്ങിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരില്‍ വന്‍ വിദ്യാര്‍ത്ഥി റാലി. ഇംഫാലിലെ വിവിധ സ്കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്നലെ രാജ്ഭവനിലേക്ക് റാലി നടത്തിയത്. ഇംഫാല്‍ താഴ്വരയിലുള്ളവര്‍ കൂട്ടിലടയ്ക്കപ്പെട്ടവരെപ്പോലെയാണ് കഴിയുന്നത്. ഇക്കാര്യം അധികാരികളെ അറിയിക്കുന്നതിനാണ് റാലി. മിസൈലുകളുമായാണ് അക്രമികള്‍ താഴ്വരയില് തമ്പടിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ഡോ. ബീരേന്‍ സിങ് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ പുതിയ അക്രമസംഭവങ്ങള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥത വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും അവരുടെ ശബ്ദം കേള്‍ക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി.
ഇംഫാല്‍ കോളജിലെയും ഇബോടോന്സാന ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും വിദ്യാര്‍ത്ഥികളുമായി സെക്രട്ടേറിയറ്റില്‍ ഫലപ്രദമായ കൂടിക്കാഴ്ചയാണ് നടത്തിയതെന്ന് മുഖ്യമന്ത്രി എക്സിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് നടക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ആശങ്കകള്‍ പ്രകടിപ്പിച്ചു, അവരുടെ അഭിപ്രായങ്ങളെ ഞാന്‍ വിലമതിക്കുന്നു. വെല്ലുവിളികളെക്കുറിച്ച് ഞങ്ങള്‍ ക്രിയാത്മകമായ ചര്‍ച്ച നടത്തി. ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പ് നല്കുന്നു, മണിപ്പൂരിന്റെ മികച്ച ഭാവിക്കായി ഞങ്ങള്‍ ഒരുമിച്ച് പരിശ്രമിക്കും, ബിരേന്‍ സിങ് പറഞ്ഞു.
സമാധാനപരമായി ക്ലാസുകള്‍ പുനരാരംഭിക്കാനും അവരുടെ അക്കാദമിക് ജീവിതം തുടരാനും കഴിയുന്ന തരത്തില്‍ സമാധാനം ഉടന്‍ പുനഃസ്ഥാപിക്കും. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അതീവ പ്രാധാന്യമാണ് നല്‍കുന്നത്, സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: