ന്യൂദല്‍ഹി: കങ്കണ റണാവത്ത് നായികയായി അഭിനയിക്കുന്ന ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യഭരണത്തിന്റെ കഥ പറയുന്ന വിവാദ സിനിമ എമര്‍ജന്‍സിക്ക് കേന്ദ്രസെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കി. ചില വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ സിനിമയുടെ റിലീസിന്റെ കാര്യത്തില്‍ കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട കങ്കണ റണാവത്തിന് ആശ്വാസമായി. ഇന്ത്യാ ടൂഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
1975ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എതിര്രാഷ്ട്രീയക്കാരെയും എഴുത്തുകാരെയും കലാകാരന്മാരെയും അതിക്രൂരമായി വേട്ടയാടിയിരുന്നു. ഇന്ദിരാഗാന്ധിയായി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് കങ്കണ റണാവത്താണ്.
ഈ സിനിമയില്‍ സിഖ് സമുദായത്തെ തെറ്റായി ചിത്രീകരിച്ചെന്നും അത് ഭാവിയില്‍ വലിയ വെറുപ്പിന് കാരണമാകുമെന്നും അതിനാല്‍ എമര്‍ജന്‍സി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സിഖ് ഗുരുദ്വാര കമ്മിറ്റി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതോടെ പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സിനിമ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ സിനിമയുടെ ഏതാനും ഭാഗങ്ങള്‍ വെട്ടിക്കളയാനും സിനിമയുടെ ചില ഭാഗങ്ങളില്‍ ‘തങ്ങള്‍ക്ക് ബോധപൂര്‍വ്വം പങ്കില്ലെ’ന്ന് എഴുതിക്കാണിക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് എമര്‍ജന്‍സി എന്ന സിനിമയുടെ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വിവാദ സീനുകള്‍ മുറിച്ച് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ചരിത്രപരമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് പിന്നിലെ ആധികാരിക വസ്തുതകള്‍ നല്‍കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന് പട്ടാളക്കാര്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ ആക്രമിക്കുന്നതാണ് അതില്‍ ഒന്ന്. മറ്റൊന്ന് പാകിസ്ഥാന് പട്ടാളക്കാര്‍ക്കൊപ്പം തല മുണ്ഡനം ചെയ്ത ബംഗ്ലാദേശ് സ്ത്രീയുടെ ചിത്രവും പാകിസ്ഥാന് പട്ടാളക്കാര്‍ ബംഗ്ലാദേശികളായ കുട്ടികളെ തല്ലുന്നതുമായ രംഗങ്ങള്‍ ആണ്. അതിന്റെ അടിസ്ഥാനത്തില്‍ സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു. യുഎ സര്‍ട്ടിഫിക്കറ്റില്‍ രണ്ട് കാര്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ യു എന്നാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ സിനിമ പ്രദര്‍ശിപ്പിക്കാം എന്നതാണ്. അതില്‍ എ എന്നത് 12 വയസ്സുവരെയുള്ള കുട്ടികളെ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം നല്കി മാത്രമേ സിനിമ കാണിക്കാവൂ എന്നതാണ്. എന്നാല്‍ സിനിമ തീയറ്ററുകളില്‍ റിലീസ് ചെയ്യേണ്ട തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഏറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് കങ്കണ ഇന്ദിരാഗാന്ധിയായി വേഷമിട്ട എമര്‍ജന്‍സി എന്ന സിനിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സിനിമയുടെ സഹനിര്‍മ്മാതാവും കങ്കണ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: