ന്യൂഡല്‍ഹി : ഇതര തൊഴില്‍ മേഖലകളില്‍ നിന്നും സമാനമായ പരിരക്ഷ ആവശ്യപ്പെട്ട് രംഗത്തുവന്നാല്‍ നിഷേധിക്കാനാവാത്തതിനാലാണ് ആശുപത്രികളിലെ അതിക്രമങ്ങള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റകരമാക്കുന്ന ബില്‍ പരിഗണിക്കാതിരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ 10 വര്‍ഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാക്കാനായിരുന്നു നീക്കം. കൊല്‍ക്കത്തയില്‍ പിജി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സുപ്രീം കോടതി ദേശീയ കര്‍മ്മസമിതിയെ നിയോഗിച്ച സാഹചര്യത്തില്‍ കൂടിയാണ് ബില്‍ തല്‍ക്കാലം അവതരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. അസമില്‍ ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ 2019 ജൂലൈയിലാണ് ഇത് സംബന്ധിച്ച് കരടുരൂപം പുറത്തിറക്കിയത്. പിന്നീട് കൊല്‍ക്കത്ത സംഭവത്തെ തുടര്‍ന്ന് ഈ ബില്‍ അവതരിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ മറ്റു ചില മേഖലകളില്‍ നിന്നും സമാനമായ ആവശ്യങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആശുപത്രികള്‍ക്കുവേണ്ടി മാത്രം ഇത്തരമൊരു ബില്‍ കൊണ്ടുവരുക പ്രായോഗികമല്ലെന്ന നിഗമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: