പ്രപഞ്ചത്തിലെ ഏറ്റവും സൂക്ഷ്മമായ ഘടകമാണ് ആകാശം. എത്ര വലിയ വസ്തുവിനും ചെറിയ വസ്തുവിനും ഇടം ആവശ്യമുണ്ട്. ഓരോന്നിനും ഓരോ ഇടം പ്രകൃതി കല്പിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ചു ഇടങ്ങള്‍ മാറുന്നതിനും പ്രകൃതി നിയമങ്ങള്‍ ഉണ്ട്. സൗരയുഥത്തിലെ ഗ്രഹങ്ങളുടെ ഭ്രമണപഥം നോക്കുക. ഓരോ സമയത്തും ഓരോ ഗ്രഹം ഓരോ പാതയിലൂടെ, തമ്മില്‍ കൂട്ടിയിടിക്കാതെ, പ്രത്യേക വേഗത്തില്‍ ഭ്രമണം നടത്തുന്നു. കോടിക്കണക്കിനു വര്‍ഷങ്ങളായി ഇത് തുടരുന്നത് പ്രകൃതിയുടെ നിയമം കൊണ്ടാണ്.
ഭൂമിയിലാണെങ്കിലും സമുദ്രത്തിനൊരിടം, പര്‍വ്വതങ്ങള്‍ക്കൊരിടം, മരുഭൂമിക്കൊരിടം, വനത്തിനൊരിടം, നദിക്കൊരിടം. ഓരോന്നും അതാതിന്റെ ഇടങ്ങളില്‍ നിന്നുകൊണ്ട് സ്വകര്‍മ്മ/ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. ഇടങ്ങള്‍ മാറുമ്പോള്‍ ‘പരധര്‍മ്മം ഭയാവഹം’ എന്ന് ഭഗവാന്‍ പറഞ്ഞ അവസ്ഥയിലേക്ക് പോകും. അതുകൊണ്ടു വികസനത്തിന് വേണ്ടി പ്രകൃതിയൊരുക്കിയിരിക്കുന്ന ഓരോ വസ്തുവിന്റെയും സ്ഥാനങ്ങളില്‍ വലിയ മാറ്റമൊന്നും വരുത്താതെ നോക്കേണ്ടത് മനുഷ്യന്റെ കടമയാണ്.
മനുഷ്യ സമൂഹത്തിലാണെങ്കിലും പ്രത്യേക യോഗ്യത/ഗുണമുള്ളവരാണ് പ്രത്യേക ഇടങ്ങളില്‍ ഇരിക്കുന്നത്. സമൂഹത്തിലാണെങ്കില്‍ ആശുപത്രികളില്‍ എന്‍ജിനീയര്‍മാരെയോ ഫാക്ടറികളില്‍ ഡോക്ടര്‍മാരെയോ നിയമിക്കാറില്ല. ഓരോ തൊഴിലിടത്തിനും ഓരോ യോഗ്യതയുണ്ട്. യോഗ്യതയനുസരിച്ചാണ് തലപ്പത്തുള്ളവര്‍ തൊട്ടു താഴെയുള്ളവര്‍ വരെ നിയമിക്കപ്പെടുന്നത്. അതാണ് ആധുനിക സമൂഹത്തിലെ (ക്ളാസ് 1, 2, 3, 4) ജോലികളുടെ സ്വഭാവവും ക്രമവും.
കുടുംബത്തിലെ ഇടങ്ങളില്‍ അച്ഛന്‍, അമ്മ, മക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി എന്നിവര്‍ക്കൊക്കെ ഓരോ ഇടവും അതിനനുസരിച്ച ധര്‍മ്മവുമുണ്ട്. അതേ പോലെ സമൂഹത്തിലെ കലാ, കായിക, ശാസ്ത്ര, വിദ്യാഭ്യാസ, ഭരണ ഇടങ്ങളില്‍ അതാത് വ്യക്തികള്‍ പ്രാവീണ്യ മനുസരിച്ചു കര്‍മ്മങ്ങള്‍ ചെയ്യുന്നതുകൊണ്ടാണ് സമൂഹം നിലനില്‍ക്കുന്നത്.
മനുഷ്യ ശരീരത്തില്‍ പോലും ഓരോ കോശത്തിനും അവയവത്തിനും ഓരോ ഇടമുണ്ട്. ഓരോ സമയത്തും, അതാതിടങ്ങളില്‍ നിന്നാല്‍ മാത്രമേ ആ അവയവങ്ങളുടെ കര്‍മ്മം നിറവേറ്റാന്‍ സാധിക്കു. അതുകൊണ്ടാണ് ഹൃദയം ഇടതു ഭാഗത്തും കൈ കാലുകള്‍ ശരീരത്തിന്റെ ഇരു ഭാഗങ്ങളിലും തല മുകള്‍ ഭാഗത്തുമായി പരിണമിച്ചുവന്നത്. ആകാശം അല്ലെങ്കില്‍ ‘ഇട’ത്തെയാണ് സനാതന ധര്‍മ്മം പഞ്ചഭൂതങ്ങളില്‍ ആദ്യത്തേതായി കണക്കാക്കുന്നത്. അത് അത്യന്തം സൂക്ഷ്മവും, അതില്ലാതെ ബാക്കിയൊന്നിനും നിലനില്പുമില്ല. അതിനാലാണ് പ്രഥമപരിഗണന അതിനു നല്‍കിയത്.
അതുകൊണ്ടു ഭാരതീയ പരിസ്ഥിതി ശാസ്ത്രത്തില്‍ ആദ്യത്തെ ധര്‍മ്മം മനുഷ്യ വാസസ്ഥലമായ ഭൂമിയിലെ ആകാശ(ഇട)ത്തിന്റെ സന്തുലിതാവസ്ഥയെ കീഴ്‌മേല്‍ മാറ്റി മറിക്കാതിരിക്കുക എന്നതാണ്. അതായത് വായുവും ജലവും മണ്ണും സമൂഹത്തിലെ പല തരത്തിലുള്ള സ്ഥാപനങ്ങളുമൊക്കെ നിലനില്‍ക്കണമെങ്കില്‍ മൊത്തത്തിലുള്ള സന്തുലിതാവസ്ഥക്കു കോട്ടം തട്ടാതെ മനുഷ്യന്‍ ഇവയെ കൈകാര്യം ചെയ്യണം. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ മലകള്‍ ഇടിച്ചുനിരത്തി പാടം നികത്തിയാല്‍, മണ്ണിന്റെ സ്വാഭാവിക ഇടം നഷ്ടപ്പെടും. വനങ്ങള്‍ വെട്ടിത്തെളിക്കുമ്പോള്‍ വനഇടങ്ങള്‍ കുറയുന്നു. പരിധിവിട്ടു പ്രകൃതിയുടെ ഇടങ്ങളില്‍ മനുഷ്യന്‍ കൈ കടത്തിയാല്‍ തിരിച്ചടി തീര്‍ച്ചയാണ്.
ആര്‍ത്തിയിലും, അമിത ലാഭത്തിലും അധിഷ്ഠിതമായ മനുഷ്യന് വേി മാത്രമുള്ള (Anthropocentric) മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെട്ട (Anthropogenic) ആധുനിക വികസന മാതൃകകളാണ് പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥയും തെറ്റിക്കുന്നത്.
പഞ്ചഭൂത ദേവതകള്‍
വിഷ്ണു ആകാശത്തിന്റെയും ദേവി വായുവിന്റെയും ശിവന്‍ അഗ്‌നിയുടെയും ഗണപതി ജലത്തിന്റെയും സൂര്യന്‍ ഭൂമിയുടെയും ദേവതകളാണ്. ഓരോ ദേവതയുടെയും ഭക്തര്‍, അവരവരുടെ ദേവതകളുടെ ഭുതങ്ങള്‍ക്കു ദോഷം വരാതെയുള്ള ജീവിതമാണ് നയിക്കേണ്ടത്. ഇവിടെ ദേവതാ ഭക്തിയെന്നു പറയുന്നത് അവനവന്റെ ഇഷ്ട ദേവതയുമായി ബന്ധപ്പെട്ട ഭൂതത്തിന്റെ സന്തുലിതാവസ്ഥക്കു കോട്ടം തട്ടാത്ത വിധത്തില്‍ ജീവിച്ചുകൊണ്ടു പ്രകൃതിയുടെയും മനുഷ്യന്റെയും നിലനില്‍പ്പ് ഭദ്രമാക്കുക എന്നതാണ്. ഇതാണ് ‘പാരിസ്ഥികാദ്ധ്യാത്മികത.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: