ഉത്തര കേരളത്തിലെ ദേവതാ സങ്കല്‍പ്പത്തില്‍ പ്രഥമസ്ഥാനമാണ് മുത്തപ്പന്. കുന്നത്തൂര്‍ പാടിയിലെ ആരൂഢസ്ഥാനമാണ് മുത്തപ്പന്റെ പ്രധാനവും പ്രഥമവുമായ ആസ്ഥാനം.
കേരളത്തിലെ മുത്തപ്പന് മടപ്പുരകളില്‍ മുഖ്യമായത് പറശ്ശിനി മടപ്പുരയാണ്. മുത്തപ്പന് ശരമെയ്ത് കാട്ടിക്കൊടുത്ത, പറശ്ശിനി ചെടികള്‍ ധാരാളമുള്ള വളപട്ടണം പുഴയോരത്തെ മടപ്പുരയാണത്. നിത്യപൂജയുള്ളവയാണ് മടപ്പുരകള്‍. കുന്നത്തൂര്‍ പാടിയാവട്ടെ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം മാത്രം പൂജയുള്ള ആരൂഢവുമാണ്. സ്ഥാനികരും പൂജാരിമാരും മടയന്മാര് എന്നു വിളിക്കപ്പെടുന്നു.
ലോകം മുഴുവന്‍ ആരാധിക്കപ്പെടുന്ന ശ്രീമുത്തപ്പന്‍ മലയാള നാടിനു പുറത്തും അനവധി മടപ്പുരകള്‍ നിര്‍മിച്ച് ആരാധന നടക്കുന്നുണ്ട്.
തമിഴകത്ത് കോയമ്പത്തൂര്‍ ജില്ലയില്‍ മരുതമലയിലേക്കുള്ള വഴിയില്‍ വടവള്ളി എന്നു പ്രസിദ്ധമായ പുണ്യഭൂമിയിലെ മടപ്പുരയ്ക്കാണ് മുത്തപ്പന്റെ പുരാവൃത്തം മുഴുവനായും ചുമര്‍ചിത്ര ശൈലിയില്‍ രേഖപ്പെടുത്താന്‍ ഭാഗ്യമുണ്ടായത്. 22 പാനലുകളിലായാണ് ചുമര്‍ചിത്ര രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രശസ്ത ചുമര് ചിത്രകാരന് കെ.കെ. വാര്യരുടെ പുത്രനും ചുമര്‍ചിത്ര കലാവിദ്യയില്‍ പ്രഗത്ഭനുമായ ശശി കെ.വാര്യരുടെ മേല്‍നോട്ടത്തിലാണ് ചിത്രങ്ങള്‍ രചിച്ചത്. 108 ദിവസങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ ജോലി ചെയ്താണ് ചിത്രരചന പൂര്‍ത്തിയാക്കിയത്. മുത്തപ്പന് പുരാവൃത്തം പഠിച്ച് വളരെ ശ്രദ്ധയോടെയായിരുന്നു രചന. തമിഴകത്തെ ആദ്യ മുത്തപ്പന് ക്ഷേത്രം കൂടിയാണിത്.
12 വര്‍ഷം മുന്‍പാണ് വടവള്ളിയില്‍ താല്‍ക്കാലികമായി നിര്‍മിച്ച മടപ്പുരയ്ക്കു മുന്നില്‍ കളിയാട്ടം നടന്നത്. കളിയാട്ട വേളയില്‍ ഈ ഭൂമിയില്‍ തനിക്കൊരാസ്ഥാനം വേണമെന്ന അരുളപ്പാടില്‍ നിന്നാണ് മുത്തപ്പന് സേവാസംഘവും പിന്നാലെ മുത്തപ്പന് മടപ്പുരയും രൂപംകൊണ്ടത്. 2012 ല്‍ തച്ചുശാസ്ത്ര വിദഗ്ദ്ധന് നീലകണ്ഠന് മൂത്താശാരി കുറ്റിയടിച്ച് ഭൂമിപൂജ നടത്തി നിര്‍മാണം തുടങ്ങി.
രാശിപ്രകാരം മാടമന വലിയ ഇല്ലത്ത് നാരായണന് നമ്പൂതിരി തന്ത്രിയായും, ബ്ലാത്തൂര്‍ ചന്ദ്രന് മടയനായും അവരോധിക്കപ്പെട്ടു. പറശ്ശിനിയിലെ പൂജാവിധികളും നിവേദ്യങ്ങളും ഏര്‍പ്പെടുത്തി.
ഉത്തരകേരളത്തിലെ മലയോര ഗ്രാമങ്ങളിലൊന്നായ പയ്യാവൂര്‍ ഗ്രാമത്തിലെ എരുവശ്ശേരിക്കടുത്ത ആയിപ്പുഴ അയ്യങ്കര ഇല്ലത്തെ കാരണവര്‍ക്കും, ധര്മപത്നി പാടിക്കുറ്റി അന്തര്‍ജ്ജനത്തിനും മക്കളില്ലാത്ത ദുഃഖമകറ്റാന്‍ ഭരദേവതയായ ശ്രീപരമേശ്വരന് (കൊട്ടിയൂരപ്പന്) ശിശു രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ ദിവ്യരൂപം ധരിച്ച് കുന്നത്തൂര്‍ പാടിയില്‍ ഇളകൊണ്ടതു വരെയുള്ള മുത്തപ്പന് പുരാവൃത്തമാണ്-22 ചിത്രങ്ങളിലായി ശശി കെ. വാര്യരും സംഘവും മടപ്പുരയുടെ ചുറ്റമ്പലത്തില്‍ വരച്ചുചേര്‍ത്തത്.
കെ.കെ. വാര്യര്‍ രചിച്ച മുത്തപ്പന്റെ ഒരു ചിത്രവും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. ഒരു ഭക്തനുവേണ്ടി വളരെക്കാലം മുന്‍പ് വാര്യര്‍ രചിച്ച ചിത്രം മകന് ശശി കെ. വാര്യര്‍ വടവള്ളി മടപ്പുരയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: