ദിസ്പൂർ : അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ അസം സർക്കാർ . ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റ ശ്രമം ശക്തമാകുകയാണ്. അതിനിടെയാണ് ഹിമന്ത ശർമ്മയുടെ പുതിയ നീക്കം . അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും അവരെ നാടുകടത്തുന്നതിനുമുള്ള വിവിധ നടപടികൾ ഉൾക്കൊള്ളുന്ന ഉത്തരവ് ഹിമന്ത ബിശ്വ ശർമ്മ സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കി.
2024 ജനുവരി മുതൽ ഇന്നുവരെ സംസ്ഥാനത്ത് 54 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയതായി ഈ ഉത്തരവിൽ പറയുന്നു. ഇതിൽ 45 പേരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചു. ഒമ്പത് പേരെ കരിംഗഞ്ചിൽ നിന്ന് അറസ്റ്റ് ചെയ്തു. “കൂടാതെ, സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അപ്പർ അസാമിലും വടക്കൻ അസം ജില്ലകളിലും ഇന്ത്യക്കാരല്ലാത്ത പൗരന്മാരും വിദേശ വംശജരും ഉണ്ടെന്ന് സംശയിക്കുന്നുണ്ട്. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകാൻ സാധ്യതയുള്ളതിനാൽ അത്തരം വ്യക്തികളെ കണ്ടെത്തുന്നത് നിർണായകമാണ്,” ഉത്തരവിൽ പറയുന്നു.
അന്താരാഷ്‌ട്ര അതിർത്തികൾ വഴി അസമിലേക്ക് പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും, തടയുന്നതിനും ആവശ്യമായ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും സ്വീകരിക്കാൻ അസം പോലീസ് ബോർഡർ ഓർഗനൈസേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിരീക്ഷണം, കേന്ദ്ര ഏജൻസികളുമായി കൂടുതൽ ഏകോപനം, കൂടുതൽ സേനാവിന്യാസം എന്നിവ ഉൾപ്പെടുന്ന നിരവധി പ്രവർത്തനങ്ങളാണ് ഇതിനായി നടപ്പാക്കുക .
അതിർത്തി നിരീക്ഷണം ശക്തമാക്കുക , അനധികൃത അതിർത്തി കടക്കലുകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ബോർഡർ ഔട്ട്‌പോസ്റ്റുകളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ പട്രോളിംഗും നിരീക്ഷണവും വർദ്ധിപ്പിക്കുക എന്നീ നിർദേശങ്ങളും ഹിമന്ത ബിശ്വ ശർമ്മ പോലീസിന് നൽകിയിട്ടുണ്ട്.
അതിർത്തി സുരക്ഷയ്‌ക്കായി തടസ്സങ്ങളില്ലാത്ത വിവരങ്ങൾ പങ്കുവെക്കുന്നതിനും സംയുക്ത പ്രവർത്തനങ്ങൾ നടത്തുന്നതിനും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും (ബിഎസ്എഫ്) മറ്റ് കേന്ദ്ര ഏജൻസികളുമായും ബന്ധം സ്ഥാപിക്കാനും , അസമിലെ ഡിജിപി, ബിഎസ്എഫ് ഡിജിയുമായി ചേർന്ന് മാസാടിസ്ഥാനത്തിൽ മീറ്റിംഗുകൾ നടത്തണമെന്നും നിർദേശമുണ്ട്.
സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ചോ പുതിയ കുടിയേറ്റക്കാരെക്കുറിച്ചോ റിപ്പോർട്ടുചെയ്യാൻ പ്രദേശവാസികളെ പ്രോത്സാഹിപ്പിക്കുന്നതിന് അതിർത്തി പ്രദേശങ്ങളിൽ കമ്മ്യൂണിറ്റി ബോധവൽക്കരണ പരിപാടികൾ നടത്തുക, അനധികൃത കുടിയേറ്റക്കാരുടെ തിരിച്ചറിഞ്ഞ എല്ലാ കേസുകളും ഉടനടി രേഖപ്പെടുത്തുകയും വിധിനിർണ്ണയത്തിനായി ഫോറിനേഴ്സ് ട്രിബ്യൂണലുകളിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
അതിർത്തി ജില്ലകളിൽ അധിക സേനയെ വിന്യസിക്കുക , അതിർത്തി ജില്ലകളിലെ എസ്പിമാർ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളുടെ നിലവിലെ പ്രവർത്തനം അവലോകനം ചെയ്യുക, ബോർഡർ ഔട്ട്‌പോസ്റ്റുകളും ഡോക്യുമെൻ്റേഷനും ശക്തിപ്പെടുത്തുക.
ഒളിവിൽ വന്ന ബംഗ്ലാദേശികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിക്കുക. സംശയിക്കപ്പെടുന്ന വ്യക്തികളെയോ കുടുംബങ്ങളെയോ തിരിച്ചറിയുമ്പോൾ, അവരുടെ ബയോമെട്രിക്‌സ് ശേഖരിക്കണം. അത്തരം വ്യക്തികൾക്ക് ആധാർ കാർഡുകളോ പാൻ കാർഡുകളോ വോട്ടർ ഐഡികളോ പാസ്‌പോർട്ടുകളോ ഉണ്ടെങ്കിൽ, ഭാവി റഫറൻസിനായി അവരുടെ നമ്പർ രേഖപ്പെടുത്തണം – എന്നീ നിർദേശങ്ങളും സർക്കാർ ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: