India

ഭീകരത അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ല: അമിത് ഷാ

Published by

ശ്രീനഗര്‍: മൂന്ന് കുടുംബങ്ങള്‍ ജമ്മു കശ്മീരിനെ കൊള്ളയടിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മുവില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും അധികാരത്തില്‍ വന്നാല്‍ ഭീകരത തിരിച്ചുവരും. ജമ്മുവാണ് അവരുടെ വിധി തീരുമാനിക്കേണ്ടത്. ബിജെപി അധികാരത്തില്‍ വന്നാല്‍ ഭീകരതയെ തലയുയര്‍ത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരത അവസാനിപ്പിക്കുകയും സമാധാനം പുനഃസ്ഥാപിക്കുന്നതുവരെയും പാകിസ്ഥാനുമായുള്ള ബന്ധം പുനരാരംഭിക്കില്ല. ചര്‍ച്ചയും ബോംബും ഒരുമിച്ച് പോകാനാകില്ലെന്നും ഷാ പറഞ്ഞു.

എന്‍സി-കോണ്‍ഗ്രസ് സ ഖ്യം ജമ്മുവിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും പ്രദേശത്തിന് സ്വയംഭരണം പുനഃസ്ഥാപിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതൊരിക്കലും സംഭവിക്കില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് കശ്മീരിന് സംസ്ഥാന പദവി നല്കുമെന്ന് അദ്ദേഹം ഉറപ്പുനല്കി. വിഘടനവാദികളെയും ഭീകരവാദികളെയും മോചിപ്പിക്കാന്‍ ശ്രമിച്ച് ജമ്മുകശ്മീരിനെ അസ്ഥിരപ്പെടുത്താനാണ് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി)-കോണ്‍ഗ്രസ് സഖ്യം ശ്രമിക്കുന്നത്. എന്‍സിയും കോണ്‍ഗ്രസും കല്ലേറ് നടത്തുന്നവരെ മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. രജൗരിയിലും പൂഞ്ചിലും ഭീകരവാദം വളരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പ്രശ്നമുണ്ടാക്കുന്നവരെ ഞങ്ങള്‍ ജയിലിലടച്ചു. അതിര്‍ത്തി കടന്നുള്ള വ്യാപാരം പുനരാരംഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ആര്‍ക്കാണ് ഇത് പ്രയോജനപ്പെടുക? ഷാ ചോദിച്ചു.

എന്‍സി-കോണ്‍ഗ്രസ് സഖ്യവും മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (പിഡിപി) പ്രദേശത്തെ ഭീകരവാദത്തിന്റെ തീയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചുവെന്ന് ഷാ ആരോപിച്ചു. ശങ്കരാചാര്യ കുന്നിന്റെ പേര് തഖ്ത്-ഇ-സുലെമാന്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ പ്രതിപക്ഷം ശ്രമിച്ചു. ഗുജ്ജര്‍, ബക്കര്‍വാള്‍, പഹാരി സമുദായങ്ങളുടെ സംവരണം ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇത് തടയും, അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ 90 അംഗ നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടം സപ്തം. 18നാണ്. സപ്തം. 25 നും ഒക്ടോ. ഒന്നിനും നടക്കും. വോട്ടെണ്ണല്‍ ഒക്ടോ. എട്ടിനാണ് നടക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക