മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ട്. എന്നാല്‍ ട്വന്റി ട്വന്റിക്ക് ശേഷം സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്ന സിനിമ സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണിതെന്ന് ഉത്തരം നല്‍കുകയാണ് മോഹന്‍ലാല്‍. ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ മറുപടി നല്‍കി. താരത്തിന്റെ വാക്കുകളിലേക്ക്.
‘ഞാനും മമ്മൂട്ടിയും 55 സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഇപ്പോഴും സിനിമകള്‍ ചെയ്യാന്‍ തയ്യാറാണ്. എന്റെ സിനിമകളും അദ്ദേഹത്തിന്റെ സിനിമകളും വ്യത്യസ്തമാണ്. ഞങ്ങള്‍ക്ക് മത്സരമില്ല. ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുക, അങ്ങനെയൊരു സിനിമയുടെ പ്രൊഡക്ഷനൊക്കെ എളുപ്പമല്ല. ഞങ്ങള്‍ക്ക് മത്സരിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ സിനിമയില്‍ വന്ന സമയം സിനിമയുടെ സുവര്‍ണ കാലമാണ്.ഒരുപാട് സംവിധായകര്‍, കഥ, നിര്‍മ്മാതാക്കള്‍. ആ സമയത്ത് എത്തിപ്പെട്ടു എന്നതാണ് ഭാഗ്യം. എസ് പി പിള്ള, ശിവാജി സാര്‍, അമിതാഭ് ബച്ചന്‍, പദ്മിനിയമ്മ, വേണു ചേട്ടന്‍, ഗോപി ചേട്ടന്‍ അങ്ങനെ പലര്‍ക്കൊപ്പവും അഭിനയിച്ചു. ഇതിലൊന്നും മത്സരിക്കേണ്ട കാര്യമില്ല, മത്സരിച്ചാല്‍ കുഴപ്പമാകും.
മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രം എന്തുകൊണ്ട് വരുന്നില്ലെന്ന് ചോദിച്ചാല്‍ നമ്മുക്ക് അങ്ങനെയല്ലാതെ സിനിമകള്‍ ചെയ്യാനുണ്ട്. നാളെ അങ്ങനെയൊരു കഥയുമായി ഒരാള്‍ വന്നാല്‍ തീര്‍ച്ചയായും ആലോചിക്കും. അപ്പോള്‍ അതിന്റെ പ്രൊഡക്ഷന്‍ , കോസ്റ്റ് എല്ലാം നോക്കേണ്ടതുണ്ട്. രണ്ട് പേരെ വെച്ച് ഒരു സിനിമ ചെയ്യുന്നതിന്റെ സാമ്പത്തികം അടക്കമുള്ള കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. മമ്മൂട്ടിയുമായി വളരെ സ്‌നേഹത്തിലും സൗഹൃദത്തിലുമാണ് പോകുന്നത്. എപ്പോഴും വിളിക്കാറും സംസാരിക്കാറുമുണ്ട്. ഞങ്ങളുടെ മക്കളും കുടുംബം പോലെ തന്നെയാണ്. എല്ലാ ദിവസും രാവിലെ മമ്മൂട്ടിയെ വിളിക്കുമെന്നല്ല. എനിക്കൊരു ആവശ്യം വരുമ്പോള്‍ അല്ലെങ്കില്‍ എന്തെങ്കിലും കാര്യം അറിയണമെങ്കിലുമൊക്കെ അദ്ദേഹത്തെ വിളിക്കാറുണ്ട്. അദ്ദേഹം തിരിച്ചും.
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന ചോദ്യത്തിന് അങ്ങനെ സംഭവിക്കട്ടെയെന്നായിരുന്നു മറുപടി. ‘ബറോസ് ചെയ്തത് അതിന്റെ സബ്ജക്ട് വ്യത്യസ്തമായത് കൊണ്ടാണ്. സംവിധാനം എന്നത് എന്റെ ജോലി അല്ല, അത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ബറോസ് ചെയ്യാന്‍ സാധിക്കുന്നത് ഒരു അനുഗ്രഹം പോലെയാണ് കാണുന്നത്. അതിന്റെ വിജയ പരാജയമൊന്നുമല്ല നോക്കുന്നത്, ജീവിത യാത്രയില്‍ ഇങ്ങനെയൊരു നിയോഗം കൂടി എനിക്കുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഒരു പ്രവൃത്തിയായിട്ടാണ് ഈ സിനിമയുടെ സംവിധാനത്തെ കാണുന്നത്’, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക