Kerala

അന്തര്‍സംസ്ഥാന ലഹരിക്കടത്ത്: സംഘത്തലവനെ ഒഡീഷയില്‍ നിന്നും പിടികൂടി

Published by

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ലഹരിക്കടത്തു സംഘത്തലവനെ ഒഡീഷയില്‍ നിന്ന് പിടികൂടി. കല്ലറ തണ്ണിയംകുഴിവിള വീട്ടില്‍ അനീസ് എന്ന ജാഫറിനെയാണ് വെള്ളറട പോലീസ് ഒഡീഷയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഏറെക്കാലമായി ഒഡീസയിലെ കൊരാപുട്ട് ജില്ലയില്‍ പാടുവ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാല്‍ഡ ഗ്രാമത്തില്‍ താമസിച്ചു വന്നിരുന്ന അനീസ് എന്ന ജാഫര്‍ (37) മാവോയിസ്റ്റ് സ്വാധീനമുള്ള വനമേഖലയില്‍ കൃഷി ചെയ്ത് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ലോഡ് കണക്കിന് കഞ്ചാവ് എത്തിക്കുന്ന സംഘത്തിന്റെ തലവന്‍ ആണ്.

പിടിക്കപ്പെടാതിരിക്കാന്‍ ബാല്‍ഡ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു പണമിടപാടുകള്‍. സോഷ്യല്‍ മീഡിയയും സ്വന്തമായി സിം കാര്‍ഡും ഉപയോഗിക്കാതെ ഇയാള്‍ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വെള്ളറട ആറാട്ട്കുഴിയില്‍ വാഹനപരിശോധനക്കിടെ 47 കിലോ കഞ്ചാവുമായി അഞ്ചുപേരെ പോലീസ് പിടികൂടിയിരുന്നു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചു ചോദ്യം ചെയ്തതോടെയാണ് ഇവര്‍ ജാഫറിന്റെ പേര് പറഞ്ഞത്. പിടിയിലായ അഞ്ചു പേര്‍ ഇപ്പോഴും ജയിലിലാണ്. പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ ജാഫറിന് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് ഉള്‍പ്പെടെ നിരവധി സ്‌റ്റേഷനുകളില്‍ വിവിധ കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ അഞ്ചു മാസമായി അന്വേഷണ സംഘം ഇയാളുടെ പിന്നാലെ ആയിരുന്നു. ഒഡീഷയിലെ ജാഫറിന്റെ പ്രാദേശിക ബന്ധം ഇയാളിലേക്ക് എത്തിച്ചേരാന്‍ പോലീസിനെ ഏറെ ബുദ്ധിമുട്ടിച്ചു. രണ്ട് പ്രാവശ്യം ഒഡീഷയിലെ ഗ്രാമത്തില്‍ കേരള പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ ഇയാള്‍ മാവോയിസ്റ്റു സ്വാധീനമുള്ള വനമേഖലയിലേക്ക് ഉള്‍വലിയുകയായിരുന്നു. ഇത് മനസിലാക്കിയ അന്വേഷണസംഘം റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്ന രീതിയില്‍ ഒഡീഷയിലെ ബാല്‍ഡ ഗ്രാമത്തില്‍ എത്തി ഗുഹയ്‌ക്കു സമീപം വനത്തില്‍ ദിവസങ്ങളോളം ഒഡീഷ പോലീസിനെ പോലും അറിയിക്കാതെ തങ്ങിയാണ് സാഹസികമായി ഇയാളെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തില്‍ വെള്ളറട എസ്‌ഐ റസല്‍രാജ്, സിപിഒ ഷൈനു, ഡിഎഎന്‍എസ്എഫ് എസ്‌ഐ ബിജുകുമാര്‍, എഎസ്‌ഐ സതികുമാര്‍, എസ്‌സിപിഒ അനീഷ് എന്നിവരാണ് ഒഡീഷയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക