ആലപ്പുഴ: കേരള സംഗീത നാടക അക്കാദമിയില്‍ നിന്ന് രാജിവച്ച് പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര മന്ത്രി സജി ചെറിയാന് അയച്ച കത്തില്‍ ഉന്നയിച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍. ഭരണസമിതിയെ നോക്കുകുത്തിയാക്കി ഒരു സെക്രട്ടറി കേരളത്തിലെ കലാകാരന്മാരെ ദ്രോഹിക്കുമ്പോള്‍ ആ ഭരണസമിതിയില്‍ തുടരുന്നത് ആത്മഹത്യാപരമാണെന്നു മനസിലാക്കിയതു കൊണ്ടാണ് രാജിവയ്ക്കുന്നതെന്നും മുണ്ടശേരി മാഷ് മുതല്‍ ഏ.കെ. ബാലന് വരെ ഇരുന്ന കസേരയിലാണ് ബഹുമാന്യനായ അങ്ങും ഇരിക്കുന്നതെന്നും ഓര്‍ക്കണമെന്നും കത്തില്‍ പറയുന്നു.
രാജിക്കത്തിലെ പ്രസക്ത ഭാഗങ്ങള്‍: നിര്‍വാഹകസമിതി മീറ്റിങ്ങുകള്‍ സാധൂകരണ കമ്മിറ്റികളായി അധഃപതിച്ചു. അദ്ദേഹത്തിന്റെ താല്പര്യ പ്രകാരം എടുത്ത തീരുമാനങ്ങള്‍ സാധൂകരിക്കുന്നു എന്നതിനപ്പുറം ഭരണസമിതിക്കു പ്രസക്തി ഇല്ലാതെയായി. പല കാര്യങ്ങളിലുമുള്ള വിയോജിപ്പുകള്‍ പറയുമ്പോള്‍ മുകളില്‍ നിന്നുള്ള നിര്‍ദേശമാണെന്നു പറയുന്നത്.
സംഗീത നാടക അക്കാദമി ഒരു സ്വയംഭരണ സമിതിയാകുമ്പോള്‍ ആ സംവിധാനത്തെ അപമാനിക്കുന്ന രീതിയില്‍ മുകളില്‍ നിന്നു നിര്‍ദേശങ്ങള്‍ നല്‍കുന്നത് ആരാണ്; ഇത്തരത്തിലുള്ള ഒരു ഇടപെടലും മുന്‍ ഭരണസമിതിയില്‍ ഉണ്ടായിരുന്നില്ല.
ഇരുപത്തിയെട്ടോളം വൈവിധ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെയും കലയുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും ഭദ്രതയ്ക്കും വേണ്ടി സ്ഥാപിതമായ അക്കാദമി നിലവില്‍ ഒട്ടും കലാകാര സൗഹൃദമല്ല.
ഭാരതത്തില്‍ തന്നെ നാടകരംഗത്തു നല്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് അമ്മന്നൂര്‍ മാധവചാക്യാര്‍ പുരസ്കാരം. അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ചാണ് അതു നല്‍കുന്നത്. കരിവള്ളൂര്‍ മുരളി സെക്രട്ടറിയായി വന്ന വര്‍ഷം അതു നല്‍കിയില്ല.
പ്രതികരിച്ചതിന്റെ അടിസ്ഥാനത്തില്‍ കാലേക്കൂട്ടി വിധികര്‍ത്താക്കളെ തീരുമാനിച്ചു വളരെ നേരത്തെ പ്രഖ്യാപിച്ചു നല്കുന്ന അവാര്‍ഡ് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നാടകീയമായി ആര്‍ട്ടിസ്റ്റ് സുജാതനെ വിളിച്ച് അദ്ദേഹത്തിന് നല്കുകയുണ്ടായി. മഹാകലാകാരനായ അമ്മന്നൂര്‍ മാധവചാക്യാരേയും അതുല്യപ്രതിഭയായ സുജാതനെയും ഒരുപോലെ ഇതിലൂടെ അധിക്ഷേപിക്കുകയായിരുന്നു.
പ്രൊഫഷണല്‍ നാടക മത്സരം തുടങ്ങിയ കാലം മുതല്‍ നല്‍കിവരുന്ന സമഗ്രസംഭാവന പുരസ്കാരം നിര്‍ത്തലാക്കി. കലാകാരന്മാര്ക്കു നല്‍കിവരുന്ന മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് മുന്‍വര്‍ഷം രണ്ടു ലക്ഷം രൂപാ ആയിരുന്നത് ഒരു ലക്ഷമാക്കി വെട്ടിക്കുറച്ചു.
ആയിരത്തി ഇരുന്നൂറു കലാകാരന്മാര്ക്കു നല്കിക്കൊണ്ടിരുന്ന മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എണ്ണൂറായി വെട്ടിക്കുറച്ചു. അമേച്വര്‍ നാടകമത്സരം, കഥാപ്രസംഗ ശില്പശാല, ദേശീയ സംഗീതോത്സവം, ദേശീയ നൃത്തോത്സവം തുടങ്ങിയ നിരവധി പരിപാടികള്‍ നടത്താതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: