ന്യൂദല്‍ഹി: ലോകം നേരിടുന്ന ജലപ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് ഭാരതത്തിന്റെ ദൗത്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവന് പിറന്നത് ജലത്തില്‍നിന്നാണ്. ജലം ദാനം ചെയ്യേണ്ടതിനെപ്പറ്റിയും ജലസംരക്ഷണത്തെപ്പറ്റിയുമുള്ള ഭാരതീയ കാഴ്ചപ്പാട് മുഴുവന്‍ പ്രപഞ്ചത്തിനും വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പെരുമഴയിലും പ്രളയത്തിലും ദുരിതമനുഭവിച്ച ഗുജറാത്തിന്റെ മണ്ണില്‍ നിന്നാണ് ജലശക്തി വകുപ്പ് ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി എന്ന നിര്‍ണായക മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു.
നാളിതുവരെയില്ലാത്ത പ്രശ്നമാണ് ഗുജറാത്ത് ഈ പെരുമഴയില്‍ അനുഭവിച്ചത്. പ്രകൃതി ഏല്പിച്ച ആഘാതത്തില്‍ കരകയറാന്‍ ഗുജറാത്തിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും യോജിച്ച പരിശ്രമം നടത്തി. ജനങ്ങളും ഒറ്റക്കെട്ടായി പ്രയത്നിച്ചു. ജലസംരക്ഷണം എന്നത് ഒരു സര്‍ക്കാര്‍ നയമല്ല, ജനങ്ങളുടെ സ്വഭാവവും ഉത്തരവാദിത്തവുമാണെന്ന് എല്ലാവരെയും ഓര്‍മിപ്പിച്ച അവസരമായിരുന്നു ഇതെന്ന് മോദി ചൂണ്ടിക്കാട്ടി. ഭാവി തലമുറ നമ്മളെ വിലയിരുത്തുന്നതിന് ഇതും ഒരു മാനദണ്ഡമാകും. ചോദ്യം ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ളതാണ്. അതുകൊണ്ടാണ് സുസ്ഥിരഭാവിക്കായി, കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഒമ്പത് പ്രമേയങ്ങളില്‍ ആദ്യത്തേത് ജലസംരക്ഷണമായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ സമ്പൂര്‍ണ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ജലസംരക്ഷണമുന്നേറ്റത്തിന് കേന്ദ്ര ജലശക്തി മന്ത്രാലയത്തെയും ഗുജറാത്ത് സര്‍ക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു.
ജല്‍ സഞ്ചയന് ജന്‍ ഭാഗീദാരി പദ്ധതിയുടെ കീഴില്‍ 24800 മഴവെള്ള സംഭരണികളാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്.
ജനകീയ പങ്കാളിത്തത്തോടെയാകും ഇതിന്റെ നിര്‍മാണമെന്ന് ജലശക്തി വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: