ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥി എന്ന പേരില്‍ ആഘോഷിക്കപ്പെടുന്നത്. സ്വാര്‍ജ്ജിത കര്‍മ്മദോഷങ്ങളെല്ലാം നമുക്ക് വിനായക ചതുര്‍ത്ഥിയിലെ വിഘ്‌നേശ്വര പൂജയിലൂടെ പരിഹരിക്കാം. ഗണപതി വിഗ്രഹം സ്വയം
നിര്‍മ്മിച്ചു പ്രതിഷ്ഠിച്ച് അതിലേക്ക് ചൈതന്യം പകര്‍ന്ന് നിരാകാരനും നിര്‍ഗുണനും നിരഹങ്കാരനും അവ്യയനുമായ ഈശ്വരനെ വിഘ്‌നേശ്വര സങ്കല്പത്തില്‍ പൂജിച്ച് പ്രാര്‍ത്ഥിച്ച് സായുജ്യം നേടുന്നത് ഈ ദിനത്തിലാണ്. ഗണേശ വിഗ്രഹം ആഘോഷത്തോടെ ജലത്തില്‍ നിമജ്ജനം ചെയ്യുന്നതോടെ പൂജയില്‍ പങ്കാളികളായവരുടെ പാപങ്ങള്‍ ഹരിച്ചും വിഘ്‌നങ്ങള്‍ തീര്‍ത്തും ഗണേശഭഗവാന്‍ ദേവലോകത്തിലേക്ക് തിരികെ പോകുമെന്നാണ് വിശ്വാസം.
ഗണേശഭഗവാന്‍ പ്രപഞ്ച സൃഷ്ടിക്ക് ആധാര ഭൂതമായ ബ്രഹ്മമാണ്. ഗജമുഖനാണല്ലോ ഗണപതി. ഗ ഗമനത്തെയും ജം പ്രപഞ്ചോല്‍പ്പത്തിയെയും സൂചിപ്പിക്കുന്നു. പ്രപഞ്ചോല്‍പ്പത്തിക്കു കാരണഭൂതമായ ശക്തിവിശേഷമായ ബ്രഹ്മമാണ് ഗണപതി എന്നു പറയാന്‍ കാരണം ഇതാണ്. പ്രഥമവേദമായ ഋഗ്വേദം തുടങ്ങുന്നത് തന്നെ ഗണപതി സ്തുതിയോടെയാണ്.
‘ഓം… അഗ്നിമീളെപുരോഹിതം
യജ്ഞസ്യ ദേവമൃത്വിജം
ഹോതാരം രത്‌നധാതമം’
പ്രപഞ്ച സൃഷ്ടിക്ക് ആദികാരണഭൂതമായ ആ ഏകശക്തിയെ(ഗണപതിയെ) ഞാന്‍ നമിക്കട്ടെ എന്നര്‍ത്ഥം.
ഗണപത്യോപനിഷത്തില്‍ ‘നിത്യം ഋതം വചമീ സത്യം വചമീ'(ഞാന്‍ സത്യമായിട്ടും പറയുന്നു അങ്ങ് ഈ പ്രപഞ്ച സൃഷ്ടിക്കു ആധാരഭൂതമായ ബ്രഹ്മം തന്നെയാണ്.) ഇങ്ങനെ വേദ, ഉപനിഷത്ത്, ഇതിഹാസ, പുരാണങ്ങളെല്ലാം ഗണപതിയെ ബ്രഹ്മ സ്വരൂപമെന്ന് കീര്‍ത്തിക്കുന്നു. ഗണപതിയുടെ ഗജമുഖം അഹങ്കാര രാഹിത്യത്തെയും ബുദ്ധിയെയും സൗമ്യതയെയും സൂചിപ്പിക്കുന്നു. വക്രതുണ്ഡമഹാകായം പ്രപഞ്ചാകാരത്തെയും സൂചിപ്പിക്കുന്നു.
വക്രതുണ്ഡം എന്നാല്‍ വളഞ്ഞതുമ്പിക്കൈ ഉള്ളവന്‍ എന്നാണ് വാച്യാര്‍ത്ഥം. വളഞ്ഞവഴിയില്‍ ജീവിക്കുന്ന അധാര്‍മ്മികരെ ധര്‍മ്മജീവിതത്തിലേക്കു നയിക്കുന്നവന്‍ എന്ന വിശേഷാര്‍ത്ഥവും ഈ വാക്കിനുണ്ട്. ഏകദന്തന്‍ എന്നാല്‍ ബ്രഹ്മത്തെ കാണിച്ചു കൊടുക്കുന്നവന്‍ എന്നാണര്‍ത്ഥം. വിനായകന്‍ എന്നാല്‍ വിശിഷ്ടമായി ജഗത്തിനെ നയിച്ചു പോരുന്നവന്‍, എല്ലാ ദേവന്മാരുടെയും കഴിവുകള്‍ തന്നില്‍ സ്വാംശീകരിച്ചിരിക്കുന്നവന്‍ എന്നൊക്കെയാണര്‍ത്ഥം.
ലംബോദരന്‍ എന്നാല്‍ വലുതായ ഉദരം അഥവാ വയര്‍ ഉള്ളവന്‍ അഥവാ സര്‍വ്വചരാചരങ്ങളെയും തന്റെ ഉദരത്തില്‍ വഹിക്കുന്നവന്‍. ഗണപതിയുടെ ഒരു കൈയിലെ അങ്കുശം(ആനത്തോട്ടി) അധര്‍മ്മ പാതയില്‍ ചരിക്കുന്ന മനസ്സിനെ നേര്‍വഴിക്കു നടത്തുവാന്‍ പ്രേരിപ്പിക്കുന്നതാണ്. പാശം(കയര്‍) ധര്‍മ്മ പാതയിലേക്കു വന്ന മനസ്സിനെ അവിടെ സ്ഥിരമായി ബന്ധിച്ചു നിര്‍ത്തുന്നതിന്റെ സൂചകമാണ്. ഒരു കൈയിലെ മോദകം സ്വയംസാക്ഷാത്കാരത്തിന്റെ മാധുര്യമാണ്.
മൂഷിക വാഹനന്‍ ആണല്ലോ ഗണപതി. അഗ്നി തത്ത്വപ്രതീകമാണിത്. ഭൂമിയുടെ ഉള്ളില്‍ തിളച്ചു മറിയുന്ന അഗ്നിയാണല്ലോ ഉള്ളത്. ഇങ്ങനെ ഒളിച്ചിരിക്കുന്നതിനാല്‍ അഗ്നിയെ ‘ആഖൂ” (എലി) എന്നു വിളിക്കാറുണ്ട്. ഈ വേദതത്ത്വമാണ് ഗണപതിയുടെ വാഹനം എലിയാണ് എന്ന സങ്കല്പത്തില്‍ ഉള്ളത്.
മനസ്സില്‍ ഭക്തി ഉണ്ടായാല്‍ മനഃശക്തി നേടാം. മനഃശക്തിയിലൂടെ വ്യക്തിത്വം വരും. വ്യക്തിത്വത്തിലൂടെ വിവേകമുണ്ടാകും. വിവേകമുള്ളിടത്ത് വിനയമുണ്ടാകും. വിനയത്തിലൂടെ ബുദ്ധിയും യുക്തിയും വരും. യുക്തി ഉള്ളവര്‍ക്കു കര്‍മ്മ പദ്ധതി തെളിയും. കര്‍മ്മം ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാകണം. ധര്‍മ്മമുള്ളടത്ത് നീതിയും നീതി ഉള്ളയിടത്തു സത്യവും ഉണ്ടാകും. സത്യമുള്ളിടത്ത് സന്തോഷവും സന്തോഷമുള്ളിടത്ത് സാമൂഹ്യ ബന്ധങ്ങളും സമന്വയവും ഉണ്ടാകുന്നു. സമന്വയത്തില്‍ നിന്നു സദാചാരവും ജീവിത നിഷ്ഠയും വരും.
ജീവിതനിഷ്ഠക്ക് അനുഷ്ഠാനം വേണം. അനുഷ്ഠാനത്തിന് ഈശ്വരവിശ്വാസം വേണം. ഈശ്വര വിശ്വാസമുള്ളിടത്ത് വിജയം ഉണ്ടാകും. വിജയം ഉണ്ടാകാന്‍ വിഘ്‌നങ്ങള്‍ മാറണം. വിഘ്‌നങ്ങള്‍ മാറുവാന്‍ വിഘ്‌നേശ്വരനെ വിനയ, വിശ്വാസങ്ങളേഉാടെ വിളിക്കണം.
ഓം ഗംഗണപതയെ നമഃ അവിഘ്‌നമസ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: