പത്തനംതിട്ട: ജിഎസ്ടി കൗണ്‍സിലിന്റെ 54 മത് യോഗം തിങ്കളാഴ്ച നടക്കാനിരിക്കെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിലും ജിഎസ്ടി നിരക്കില്‍ ഇളവ് വരുമോ? ജിഎസ്ടി ഇന്‍ഷുറന്‍സില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുമോ? ഈ വിഷയത്തില്‍ വലിയ ചര്‍ച്ചയാണ് സാമ്പത്തിക രംഗത്ത് നടക്കുന്നത്. സപ്തംബര്‍ ഒമ്പതിനാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്. നിലവില്‍ 18 ശതമാനം ജിഎസ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയിലും ഈടാക്കുന്നത്.
ജിഎസ്ടി യോഗത്തില്‍ ഇത് സംബന്ധിച്ച അവലോകനം ഉണ്ടാകുമെന്ന് കരുതുന്നത്. ഇതിനിടയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജിഎസ്ടിയില്‍ ഇളവ് നല്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇത് സംബന്ധിച്ച ശിപാര്‍ശ കേന്ദ്രധനകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ജിഎസ്ടി കൗണ്‍സിലിനു നല്‍കിയട്ടുണ്ടെന്നാണ് വിവരം. 18 ല്‍ നിന്ന് 5 ശതമാനത്തിലേക്ക് ജിഎസ്ടി നിരക്ക് താഴ്‌ത്തണമെന്നും പൊതുവെ നിര്‍ദേശമുണ്ട്. ജിഎസ്ടി ഇളവോ ഒഴിവാക്കലോ നടന്നാല്‍ ടേം ഇന്‍ഷുറന്‍സ് പരമാവധി ജനങ്ങളിലേക്ക് ആകര്‍ഷകമായ പ്രീമിയം നിരക്കില്‍ എത്തിക്കാന്‍ കഴിയുമെന്ന് ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 25,000 കോടി രൂപയാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള ജിഎസ്ടി വരുമാനം. ഇടത്തരക്കാരെയും സാധരണക്കാരെയും സംബന്ധിച്ചു ഇന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അനിവാര്യമായി മാറുകയാണ്. വര്‍ധിച്ചു വരുന്ന ആരോഗ്യ ചെലവുകള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാന്‍ ഏവരെയും ഇപ്പോള്‍ പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ട്. ജിഎസ്ടി ഇളവ് ലഭിച്ചാല്‍ കുറഞ്ഞ പ്രീമിയത്തില്‍ പോളിസി നല്‍കാന്‍ കമ്പനികളും തയാറാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: