തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ അഞ്ചാം ദിവസത്തെ ആദ്യ മല്‍സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് 16.3 ഓവറില്‍ 95 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് 13.4 ഓവറില്‍ രണ്ടു വിക്കറ്റിന് ലക്ഷ്യം കണ്ടു. കൊല്ലത്തിന്റെ എന്‍.എം. ഷറഫുദ്ദീനാണ് മാന്‍ ഓഫ് ദ മാച്ച്.
ടോസ് നേടിയ കൊല്ലം ആലപ്പിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടർച്ചയായ ഇടവേളകളിൽ ആലപ്പിയുടെ വിക്കറ്റുകൾ വീണു. 26 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനാണ് ആലപ്പിക്കായി അല്പമെങ്കിലും പൊരുതിയത്. എന്‍.എം ഷറഫുദ്ദീന്‍ നാലും ബിജു നാരായണന്‍ മൂന്നും വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് 18-ാം റണ്‍സില്‍ ഓപ്പണര്‍ അഭിഷേക് നായരെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും ചേര്‍ന്നുള്ള കൂട്ടുകെട്ട് കൊല്ലത്തിന് അനായാസ വിജയം സമ്മാനിച്ചു. സച്ചിന്‍ ബേബി 30 പന്തില്‍ നിന്ന് രണ്ടു സിക്‌സറും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 40 റണ്‍സും വത്സല്‍ ഗോവിന്ദ് 10 പന്തില്‍ നിന്നും ഒരു സിക്‌സ് ഉള്‍പ്പെടെ 18 റണ്‍സുമായി പുറത്താകാതെ നിന്നു.
മൂന്നു കളിയില്‍ നിന്നു മൂന്നു ജയവുമായി കൊല്ലം സെയ്‌ലേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: