തൃശൂര്‍: തൃശൂരിലെ ഗിരിജാ തിയറ്റര്‍ ഉടമ ഡോ. ഗിരിജ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഷാള്‍ അണിയിച്ചാണ് ഡോ. ഗിരിജയെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയ ഗിരിജാ തിയറ്ററിനെ സ്വന്തം പരിശ്രമഫലമായി ലാഭത്തിലേക്ക് കൊണ്ടുവന്ന ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് ഡോ. ഗിരിജ. രോഗങ്ങള്‍ തളര്‍ത്തിയിട്ടും അവര്‍ മമ്മൂട്ടി, സുരേഷ് ഗോപി, മോഹന്‍ലാല്‍,എന്നിവരുമായും വിതരണക്കാരുമായി നേരിട്ട് ബന്ധപ്പെട്ടാണ് പല സിനിമകളും തിയറ്ററില്‍ എത്തിച്ച് അത്യധികമായ പരിശ്രമത്തിലൂടെ ഗിരിജാ തിയറ്ററിനെ രക്ഷിച്ചെടുത്തത്. ദുല്‍ഖര്‍ സല്മാന്, ഷറഫുദ്ദീന് തുടങ്ങി പുതുതലമുറ നടന്മാര് വരെ ഗിരിജയെ പ്രതിസന്ധികളില്‍ സഹായിച്ചിട്ടുണ്ട്. ഈ പരിശ്രമത്തിനിടയില്‍ സുരേഷ് ഗോപിയുമായി അവര്‍ അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു സുരേഷ് ഗോപിയും തന്റെ സിനിമകള്‍ വിട്ടുനില്‍കി ഗിരിജയെ ഏറെ സഹായിച്ചിരുന്നു.
ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, ലൈംഗികപീഢനാരോപണം നേരിടുന്ന സുരേഷ് ഗോപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തൃശൂര്‍ ഗിരിജാ തിയറ്ററില്‍ സുരേഷ് ഗോപിയുടെ ‘ഗരുഡന്’ എന്ന സിനിമയുടെ പ്രത്യേക ഷോ ഡോ.ഗിരിജ നടത്തിയിരുന്നു. അത് വന്‍വിജയവുമായി. അവിടെ വെച്ചാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൃശൂര്‍ റിപ്പോര്‍ട്ടറായ പെണ്‍കുട്ടി സുരേഷ് ഗോപിയെ പ്രകോപിതനാക്കുന്ന ചോദ്യം ചോദിച്ചത്. പിന്നീട് പരാതിയെ തുടര്‍ന്ന് ഈ റിപ്പോര്‍ട്ടറെ കൊച്ചിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
നേരത്തെ തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പല പ്രതിസന്ധികളും നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഡോ.ഗിരിജയ്ക്കെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. സ്വന്തം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പ്രചാരണത്തിനും ബുക്കിങ്ങിനുമായി ഗിരിജ സമൂഹ മാധ്യമങ്ങളെ ധാരാളമായി ആശ്രയിച്ചിരുന്നു. ഇതിനും മോശം കമന്റുകള്‍ ഏറെ വന്നിരുന്നു. എന്നിട്ടും തളരാതെ പിടിച്ചു നിന്ന് വിജയത്തിലേക്ക് എത്തിയ കഥയാണ് ഗിരിജയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: