ആയിരക്കണക്കിനു വർഷങ്ങളായി മലനിരകൾക്കിടയിലെ ശാന്തമായ അന്തരീക്ഷത്തിൽ പ്രകൃതിയുടെ മടിത്തട്ടിൽ സിംഹാസനസ്ഥനായ മഹാഗണപതി . മലനിരകളിൽ 3000 അടി ഉയരത്തിൽ ഏകശിലയിൽ സ്ഥിതി ചെയ്യുന്ന ധോൽകാൽ ഗണപതി . . ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലാണ് 1,100 വർഷം പഴക്കമുള്ള ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത് .
പുരാണങ്ങൾ അനുസരിച്ച്, ഗണപതിയും പരശുരാമനും തമ്മിലുള്ള യുദ്ധം ഈ കുന്നിൽ നടന്നതായി പറയപ്പെടുന്നു. ഈ യുദ്ധത്തിൽ പരശുരാമന്റെ മഴു വിനായകന്റെ മുഖത്ത് അടിച്ച് ഗണപതിയുടെ പല്ല് ഒടിഞ്ഞതായി പറയപ്പെടുന്നു. അതുകൊണ്ടാണ് കുന്നിന് താഴെയുള്ള ഗ്രാമത്തിന് ഫറസ്പാൽ എന്ന് പേരിട്ടതെന്നാണ് വിശ്വാസം.
ബസ്തറിലെ വനത്തിനുള്ളിൽ നാഗവംശി രാജവംശത്തിന്റെ കാലത്താണ് ഈ വിഗ്രഹം നിർമ്മിച്ചത് . വാദ്യോപകരണമായ ഡോലിന്റെ ആകൃതിയില്‍ പ്രകൃതി ചെത്തിയെടുത്ത പാറയിലാണ് വിഗ്രഹം . പ്രാദേശിക ഭോഗാമി ഗോത്രവർഗ്ഗക്കാരാണ് ഈ വിഗ്രഹത്തെ തങ്ങളുടെ രക്ഷകനായി കണ്ട് ആരാധിക്കുന്നത് .6 അടി നീളവും 2.5 അടി വീതിയുമുള്ളതാണ് കരിങ്കല്ലിൽ തീർത്ത വിഗ്രഹം.
2017 ൽ ഈ ഗണേശ വിഗ്രഹം മലയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. പിന്നീട് കുന്നിന്റെ അടിയിൽ ഇത് 62 കഷണങ്ങളായി കണ്ടെത്തി. സംഭവത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരായിരുന്നു . പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ തടയുന്നതിനാകാം കമ്യൂണിസ്റ്റ് ഭീകരർ വിഗ്രഹം മലയിൽ നിന്ന് തള്ളിയിട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു . നാട്ടുകാർ കണ്ടെത്തിയ വിഗ്രഹം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അതേ വർഷം നന്നാക്കി പുനസ്ഥാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: