തിരുവനന്തപുരം: മലപ്പുറം എസ്പിയായിരിക്കുമ്പോൾ രണ്ടുതവണ ബലാത്സംഗം ചെയ്തെന്ന വീട്ടമ്മയുടെ ആരോപണം തള്ളി സുജിത് ദാസ്. വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സുജിത് ദാസ് പറയുന്നത്. 2022ൽ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു ആരോപണം ഉന്നയിക്കുന്ന സ്ത്രീ തന്റെ ഓഫീസിൽ വന്നതെന്നും സുജിത് ദാസ് പ്രതികരിച്ചു. ഓഫീസിലെ റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങൾ ഉണ്ടെന്നും യുവതിക്കെതിരെ കേസ് കൊടുക്കുമെന്നും സുജിത് ദാസ് പറഞ്ഞു.
പൊലീസിനെതിരെ നിരന്തരമായി കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോൾ ഇത്തരം ആരോപണവുമായി രംഗത്തെത്തിയതെന്നും സുജിത് ദാസ് ആരോപിക്കുന്നു. ഒരു എസ്‍എച്ച് ഒക്കെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. കുടുംബം പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു.
ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം പരാതി നൽകുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകർക്കാനുള്ള ഗൂഢ നീക്കമാണിത്. ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണിതെന്നും ക്രിമിനൽ, സിവിൽ കേസുകളുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉണ്ടായാൽ ഒരു പരാതിയും ജില്ലാ പൊലീസ് മേധാവിമാർക്ക് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും സുജിത് ദാസ് പറഞ്ഞു.
ഗുരുതര ആരോപണങ്ങളാണ് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ വീട്ടമ്മ ഉയർത്തിയത്. പൊലീസ് ഉന്നതർ തന്നെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നെന്നും യുവതി ഒരു ടെലിവിഷൻ ചാനലിനോട് വെളിപ്പെടുത്തി. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർ തന്നെ ലൈംഗിക വേഴ്‌ച്ചയ്‌ക്ക് ഉപയോഗിച്ചെന്നാണ് വീട്ടമ്മയായ യുവതിയുടെ വെളിപ്പെടുത്തൽ.
വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാനായി 2022ൽ പൊലീസിനെ സമീപിച്ചതോടെയാണ് താൻ എസ്ച്ച്ഒ മുതൽ എസ്പി വരെയുള്ളവരുടെ ലൈംഗിക പീഡനത്തിന് ഇരയായാതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. വസ്തു തർക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സിഐ വിനോദിനാണ് ആദ്യം പരാതി നൽകിയത്. എന്നാൽ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാൽ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാൽ സുജിത് ദാസും തന്നെ ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
എസ്പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തെന്നും പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് പറഞ്ഞു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. അത് കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് കൂടി വഴങ്ങണമെന്നും എസ്പി സുജിത്ത് ദാസ് ആവശ്യപ്പെട്ടു. എന്നാൽ താൻ സമ്മതിച്ചില്ലെന്നും വീട്ടമ്മ പറയുന്നു. എസ്പി പലപ്പോഴും വീഡിയോ കോൾ വിളിക്കുമായിരുന്നെന്നും യുവതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: