ന്യൂദല്‍ഹി: വിക്കിപീഡിയയുടെ പേജില്‍ അപകീര്‍ത്തികരമായ എഡിറ്റിങ് നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ കോടതിയലക്ഷ്യ നോട്ടീസ് നല്കി ദല്‍ഹി ഹൈക്കോടതി. എഡിറ്റിങ് നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്ത വരിക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ (എഎന്‍ഐ) സമര്‍പ്പിച്ച അപേക്ഷയിലാണ് ദല്‍ഹി ഹൈക്കോടതിയുടെ നടപടി.
എഎന്‍ഐയുടെ വിക്കിപീഡിയ പേജില്‍ ഏജന്സിയെക്കുറിയിച്ച് അപകീര്‍ത്തികരമായ വിവരണം നല്‍കിയെന്നതാണ് കേസ്. അപകീര്‍ത്തികരമായ ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹൈക്കോടതി വിവരങ്ങള്‍ പുറത്തുവിടാന്‍ ഉത്തരവിട്ടിരുന്നു.
തങ്ങള്‍ ഭാരതത്തിലില്ലാത്തതിനാല് ഹാജരാകാന്‍ സമയമെടുക്കുമെന്ന് അഭിഭാഷകനായ ടിന് എബ്രഹാം മുഖേന വിക്കിപീഡിയ കോടതിയെ അറിയിക്കുകയായിരുന്നു. ഈ മറുപടിയെ എതിര്‍ത്ത ജസ്റ്റിസ് നവിന് ചൗള വിക്കിപീഡിയയുടെ വാദം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി.
ഭാരതത്തെ ഇഷ്ടമല്ലെങ്കില്‍ ഇവിടെ ജോലി ചെയ്യരുത്. വിക്കിപീഡിയ ഭാരതത്തിലെ സ്ഥാപനമാണോ എന്നതല്ല ചോദ്യം. നിങ്ങളുടെ ഇവിടെയുള്ള ബിസിനസ് ഇടപാടുകളും അവസാനിപ്പിക്കും. വിക്കിപീഡിയയുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും, ജസ്റ്റിസ് നവീന്‍ ചൗള പറഞ്ഞു. ഇനി കേസ് പരിഗണിക്കുന്ന ഒക്ടോബര്‍ 25ന് വിക്കിപീഡിയയുടെ ഔദ്യോഗിക പ്രതിനിധി നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: