ആലപ്പുഴ: പി. വി. അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും, എഡിജിപി എം.ആര്. അജിത് കുമാറിനും എതിരെ ആരോപണങ്ങളുമായി രംഗത്തു വന്നത് കൊള്ള മുതല്‍ പങ്കുവയ്ക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്നാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
അന്‍വര്‍, സിപിഎമ്മിന് മുകളില്‍ വളര്‍ന്നു കഴിഞ്ഞു. വന്‍ സാമ്പത്തിക ശക്തികളുമായാണ് അന്‍വറിന്റെ ബന്ധം. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നു.
ആഭ്യന്തര വകുപ്പ് ദയനീയ പരാജയമാണ്. മുതിര്‍ന്ന പോലീസ് ഓഫീസര്‍ക്കെതിരെ സ്വര്‍ണ്ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍, കൊലപാതകം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നത്. അന്‍വറിന് കേരളത്തിലെ പൊതുസമൂഹത്തോട് കടപ്പാടുണ്ടെങ്കില്‍ ഇതു സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ആവശ്യപ്പെടണം. ഇ. പി.
ജയരാജനുമായി ബന്ധപ്പെട്ട് ഞാന്‍ നേരത്തെ പറഞ്ഞ വസ്തുതകള്‍ ശരിയാണെന്ന് സിപിഎം ഇപ്പോള്‍ നടപടിയിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ്. ബിജെപി നേതാക്കളുമായി സംസാരിച്ചാലും, ആശയവിനിമയം നടത്തിയാലും നടപടി എടുക്കാനാണ് സിപിഎം തീരുമാനമെങ്കില്‍ ഇനി നിരവധി പേര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരും.
ഇരു മുന്നണികളിലേയും നിരവധി പ്രമുഖര്‍ ബിജെപിയിലേക്ക് കടന്നുവരുമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ്, ഇടതുസര്‍ക്കാരിന്റെ കൊള്ളരുതായ്മയ്ക്കെതിരെ പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ടു.
ഗവര്‍ണറാണ് സര്‍ക്കാരിന്റെ തിരുത്തല്‍ ശക്തിയായി മാറിയത്. കോണ്‍ഗ്രസ് നേതാക്കന്മാര്ക്കെതിരെ മീ ടു ആരോപണം ഉയര്‍ന്നിട്ടും മൗനം പാലിക്കുകയാണ് നേതൃത്വം.
വരും നാളുകളില്‍ കേരളത്തിന്റെ രക്ഷ ഇനി ബിജെപിയിലാണെന്ന് തിരിച്ചറിഞ്ഞ് കൂടുതല്‍ ആളുകള്‍ അണിചേരുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: