ഷിംല (ഹിമാചല്‍ പ്രദേശ്): ഷിംലയിലെ തിരക്കേറിയ സഞ്ജൗലി മാര്‍ക്കറ്റിനുള്ളില്‍ അനധികൃതമായി കെട്ടി ഉയര്‍ത്തിയ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ജനകീയ പ്രക്ഷോഭം. ഹിമാചല്‍ നിയമസഭയില്‍ പ്രശ്നമുയര്‍ത്തി ചര്‍ച്ച നടന്നു. സ്വകാര്യ വ്യക്തിയുടെ കെട്ടിടം വികസിപ്പിക്കാനെന്ന പേരില്‍ അനുമതി വാങ്ങി നാല് നിലയില്‍ മസ്ജിദ് കെട്ടി ഉയര്‍ത്തിയെന്നാണ് ആക്ഷേപം.
പ്രക്ഷോഭം കനത്തതോടെ പള്ളി നിയമവിരുദ്ധമാണെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രി വിക്രമാദിത്യ സിങ് പ്രഖ്യാപിച്ചു. അനധികൃത നിര്‍മാണം സംബന്ധിച്ച കേസ് നാളെ കോടതി പരിഗണിക്കും. വിഷയം ഷിംല മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മിഷണറുടെ കീഴിലാണെന്നും കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും വിക്രമാദിത്യ സിങ് സമ്മതിച്ചു.
ഹിമാചലിലെ ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മാണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു.
സംസ്ഥാനത്ത് ബംഗ്ലാദേശി കടന്നുകയറ്റമുണ്ടെന്നും അതിനെതിരെ നടപടികള്‍ ശക്തമാക്കണമെന്നും സര്‍ക്കാരില്‍ നിന്നുതന്നെ ആവശ്യമുയരുന്നു. സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത് കടന്നുകയറ്റക്കാരുടെ ഇടപെടലാണെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി അനിരുദ്ധ സിങ് ചൂണ്ടിക്കാട്ടിയത് സര്‍ക്കാരിലെ ഭിന്നത പുറത്തുകൊണ്ടുവന്നു.
ഇത് ക്ഷേത്രത്തിന്റെയോ പള്ളിയുടെയോ പ്രശ്നമല്ല, മറിച്ച് നിയമവിരുദ്ധവുമായ നിര്മാണങ്ങളുയര്ത്തുന്ന വിഷയമാണ്. നിയമം പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. കച്ചവടത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഹിമാചല്‍ പ്രദേശിലേക്ക് വരുന്ന ആളുകള്‍ കൃത്യമായ പരിശോധനയ്ക്ക് വിധേയരാകണം, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: