ന്യൂദല്‍ഹി: ബ്രിക്സ് രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകളുടെ സമ്മേളനം റഷ്യയിലെ സോചിയില്‍ നാളെ ആരംഭിക്കും. ഭാരതത്തില്‍ നിന്നുള്ള പ്രതിനിധി സംഘം യാത്ര തിരിച്ചു. ഭാരതം, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണ ആഫ്രിക്ക എന്നീ സ്ഥാപക രാജ്യങ്ങള്‍ കൂടാതെ സമ്മേളനത്തില്‍ പുതുതായി ചേര്‍ന്ന ഈജിപ്ത്, ഇറാന്, യുഎഇ, എത്യോപ്യ, സൗദി അറേബ്യ എന്നീ അഞ്ചു രാജ്യങ്ങളിലെ തൊഴിലാളി പ്രതിനിധികള്‍ കൂടി പങ്കെടുക്കും.
രണ്ട് ദിവസം മുമ്പ് തുര്‍ക്കിയും ബ്രിക്സില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ട്രേഡ് യൂണിയന് സമ്മേളനത്തില്‍ ഭാരതീയ മസ്ദൂര്‍ സംഘത്തെ പ്രതിനിധീകരിച്ച് മുന്‍ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. സി.കെ. സജി നാരായണന്, സഹ സംഘടനാ സെക്രട്ടറി ഗണേഷ് മിശ്ര എന്നിവരും എഐടിയുസിയെ പ്രതിനിധീകരിച്ച് സെക്രട്ടറി ജോസ് ജോസഫ് (നാഗ്പൂര്‍), ഹരിയാനയില്‍ നിന്നും അനില്‍ കുമാര്‍ എന്നിവരുമാണ് പങ്കെടുക്കുന്നത്. ഒന്പതിനു നടക്കുന്ന തൊഴില്‍ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഭാരതത്തിലെ തൊഴിലാളികളെ പ്രതിനിധീകരിച്ച് സി.കെ. സജി നാരായണന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
തൊഴിലവകാശങ്ങള്‍ മനുഷ്യാവകാശങ്ങളാണ് എന്നതു സമ്മേളനത്തിന്റെ ഒരു മുദ്രാവാക്യമാണ്. ബ്രിക്സ് രാജ്യങ്ങളിലെ തൊഴിലാളികളുടെ സാമൂഹ്യ, സാമ്പത്തിക, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് സമ്മേളനത്തിന്റെ ഉദ്ദേശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: