തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ മാത്രമാണ് ഒഴിവാക്കിയതെന്നും മറ്റു പരിപാടികള്‍ക്കൊന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യകതമാക്കി. വയനാടിന്റെ പുനര്‍നിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. അതിന് നാടിന്റെയാകെ പിന്തുണ വലിയ തോതില്‍ ലഭിക്കുന്നുണ്ട്. വിവിധ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് മുഴുവന്‍ താത്ക്കാലിക താമസം ഒരുക്കി. പുനരധിവാസ നടപടികള്‍ കൃത്യമായി നടന്നു വരുന്നു. വയനാട് ദുരന്തബാധിത പ്രദേശത്തെ മുഴുവന്‍ പേര്‍ക്കും 14 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കുന്നുണ്ട്. സപ്ലൈകോയുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ പ്രവര്‍ത്തനമായി ജനം വിലയിരുത്തുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിത്യോപയോഗ സാധനങ്ങള്‍ വലിയ വിലക്കുറവിലാണ് സപ്ലൈകോ ലഭ്യമാക്കുന്നത്. 13 ഇനം സബ്സിഡി സാധനങ്ങള്‍ക്കൊപ്പം പഴം, പച്ചക്കറി ഉത്പന്നങ്ങളും ഫെയറില്‍ നല്‍കുന്നുണ്ട്. ഈ നടപടി കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ സാധനം ലഭിക്കുന്നതിന് അവസരം ഒരുക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 45 ശതമാനം വരെ വിലക്കുറവില്‍ വിതരണം ചെയ്യും. 255 രൂപയുടെ ശബരി ഉത്പന്നം 189 രൂപയ്ക്ക് ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: