തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിലെ ഓണാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. സെക്രട്ടേറിയറ്റില്‍ ഓണാഘോഷ പരിപാടികളും ജീവനക്കാരുടെ മത്സരങ്ങളും നടത്തില്ല. അതേസമയം എല്ലാ വകുപ്പുകളിലും മത്സരമില്ലാതെ അത്തപ്പൂക്കളം ഇടാന്‍ അനുമതിയുണ്ട്. സെക്രട്ടേറിയറ്റ് എംപ്ലോയ് അസോസിയേഷന്റെ ഓണം സുവനീറും ഇറക്കുന്നില്ല.
സംസ്ഥാനത്താകെ ഓണാഘോഷ പരിപാടികളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വയനാട് ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ ഉള്‍പ്പെടെ വൈത്തിരി താലൂക്കിലെ വായ്പകളിന്മേലുള്ള റവന്യു റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ദുരന്ത ബാധിത മേഖലകളിലെ ആളുകളുടെ വായ്പകള്‍ക്ക് പ്രഖ്യാപനം ബാധകമായിരിക്കും.
അതേസമയം ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രിപിണറായി വിജയനാണ് ഇത്തവണത്തെ ഓണം സപ്ലൈക്കോ ഫെയർ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ അനിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ–തൊഴിൽ വകുപ്പുമന്ത്രി വി.ശിവൻകുട്ടി ആദ്യവിൽപ്പന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: