ബെംഗളൂരു: കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശനും പെണ്‍സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും പ്രതികളായ രേണുകാസ്വാമി കൊലക്കേസിന്റെ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. രേണുകാസ്വാമിയുടെ ശരീരത്തില്‍ ആകെ 39 മുറിവുകളുണ്ടായിരുന്നു. തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. എല്ലുകള്‍ പൊട്ടിയനിലയിലായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഇതിനുപുറമേ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ നിരന്തരം ഷോക്കേല്‍പ്പിച്ചെന്നും ജനനേന്ദ്രിയം തകര്‍ത്തെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് രേണുകാസ്വാമി കൊലക്കേസില്‍ അന്വേഷണസംഘം 3991 പേജുകളുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമായിരുന്നു പ്രതികളുടെ ശ്രമം. ഇതിനായി ദര്‍ശന്‍ തന്റെ പണവും സ്വാധീനവും ഉപയോഗിച്ചു. രേണുകാസ്വാമി കൊലക്കേസില്‍ മറ്റുചിലരെ കുറ്റം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ച് കേസില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ദര്‍ശനില്‍നിന്ന് പിടിച്ചെടുത്ത വസ്ത്രങ്ങളില്‍ കണ്ടെത്തിയ ചോരക്കറ കൊല്ലപ്പെട്ട രേണുകാസ്വാമിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതിനുപുറമേ കൊലപാതകം ആസൂത്രണം ചെയ്തതുമുതല്‍ മൃതദേഹം ഉപേക്ഷിക്കുന്നതുവരെ പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിവരങ്ങളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അതിനിടെ, കൊല്ലപ്പെടുന്നതിന് മുന്‍പ് പ്രതികളില്‍ ചിലര്‍ പകര്‍ത്തിയ രേണുകാസ്വാമിയുടെ ചിത്രങ്ങളും പുറത്തുവന്നു. വിവസ്ത്രനായി കരയുന്ന രേണുകാസ്വാമിയുടെ ചിത്രവും കൊലപാതകത്തിന് ശേഷമുള്ള മൃതദേഹത്തിന്റെ ചിത്രവുമാണ് പുറത്തുവന്നത്. പ്രതികള്‍ തന്നെയാണ് ഇത് മൊബൈല്‍ഫോണില്‍ പകര്‍ത്തിയതെന്നാണ് വിവരം. ഈ ചിത്രങ്ങളടക്കം പോലീസ് സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ദര്‍ശന്റെ ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്‌ക്ക് രേണുകാസ്വാമി ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചതായിരുന്നു കൊലപാതകത്തിനുള്ള കാരണം. ദര്‍ശന്റെ നിര്‍ദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും ബെംഗളൂരു പട്ടണഗരെയിലെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ജൂണ്‍ ഒന്‍പതാം തീയതി പുലര്‍ച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേര്‍ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടന്‍ ദര്‍ശനും നടി പവിത്രയ്‌ക്കും കൃത്യത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: