Kerala

പൈതൃക കേന്ദ്രങ്ങൾ പുനർനിർമ്മിക്കും: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മുസിരിസ് പ്രൊജക്റ്റുമായി സഹകരിക്കും

Published by

കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും ടൂറിസം വകുപ്പിന്റെ കീഴിലുള്ള മുസിരിസ് പ്രൊജക്റ്റ് ലിമിറ്റഡും അക്കാഡമിക് സഹകരണത്തിന് ധാരണ പത്രം ഒപ്പു വച്ചു. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ നവകൈരളി ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രോ ചാൻസിലാറുമായ പ്രൊഫ. ഡോ. ആർ. ബിന്ദു, ടൂറിസം, പി ഡബ്ല്യൂ ഡി വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണപത്രമായത്. ശ്രീനാരായണയണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരനും മുസിരിസ് പ്രൊജക്റ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. മനോജ് കുമാർ കെ യും ധാരണ പത്രത്തിൽ ഒപ്പിട്ടു.

കൊല്ലം ജില്ലയുടെ പൈതൃകവും സമ്പന്നമായ പാരമ്പര്യവും സംരക്ഷിക്കുവാനും പുതിയ തലമുറയ്‌ക്ക് അതിനെക്കുറിച്ചു അറിയുവാനും ആഴത്തിൽ പഠിക്കുവാനും അവസരമൊരുക്കാൻ  ഇതിലൂടെ സാധിക്കും.

കൊല്ലത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള സ്‌പൈസ് റൂട്ട് പൈതൃക സംരംഭത്തിന്റെ വിപുലീകരണമായ വേണാട് പൈതൃക പദ്ധതിയുടെ ഭാഗമായി കൊല്ലത്തെ ചരിത്ര സ്ഥലങ്ങൾ കണ്ടെത്തി സംരക്ഷിക്കുന്നതിന് മുസിരിസുമായി സഹകരിച്ചു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവർത്തിക്കും. ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യം പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കുന്നതിനായി വിവിധ പൈതൃക കേന്ദ്രങ്ങൾ പുനർനിർമ്മിക്കും.

കൊല്ലത്തിന്റെ സമ്പന്നമായ ചരിത്രവും അതിന്റെ പ്രാധാന്യവും പ്രചരിപ്പിക്കുന്നതിനായി മുസിരിസ്സുമായി സഹകരിച്ച് ഓപ്പൺ യൂണിവേഴ്‌സിറ്റി മൂന്ന് ദിവസത്തെ അന്താരാഷ്‌ട്ര അക്കാഡമിക് സമ്മേളനം ഡിസംബറിൽ നടത്തും. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഹെറിറ്റേജ് എക്‌സിബിഷൻ സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതിരാജ് വി.പി, പ്രോ വൈസ് ചാൻസിലർ ഡോ. എസ് വി. സുധീർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ ശ്രീവത്സൻ, ഡോ. എ. പസ്ലിതിൽ, ഡോ. സി ഉദയകല, പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by