ന്യൂദല്‍ഹി: റോഡ് ശൃംഖല ശക്തമാക്കുക, ഗതാഗതം കൂടുതല്‍ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെ രാജ്യത്ത് പുതിയ 74 തുരങ്ക പാതകള്‍ നിര്‍മിക്കാന്‍ കേന്ദ്ര പദ്ധതി.
ഒരു ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ടണലിങ് ഇന്ത്യ കോണ്‍ഫറന്‍സ് രണ്ടാം പതിപ്പിലാണ് മന്ത്രി വന്‍പദ്ധതി പ്രഖ്യാപിച്ചത്.
തുരങ്ക പാതകളുടെ മൊത്തം ദൈര്‍ഘ്യം 273 കിലോമീറ്ററാണ്. 15,000 കോടി ചെലവില്‍ 49 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 35 തുരങ്കങ്ങള്‍ ഇതിനകം നിര്‍മിച്ചു. 134 കിലോമീറ്റര്‍ ദൂരത്തില്‍ 69 തുരങ്കങ്ങളുടെ നിര്‍മാണം നടക്കുന്നു. 40,000 കോടിയാണ് ഇതിന്റെ ചെലവ്, അദ്ദേഹം പറഞ്ഞു.
നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാനും പെര്‍ഫോമന്‍സ് ഓഡിറ്റിങ് നടത്തും. മണ്ണിടിച്ചിലുള്ള ഹിമാലയം പോലുള്ള സ്ഥലങ്ങളില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. ഇതുവഴി തുരങ്ക പദ്ധതികളുടെ കാര്യക്ഷമത ഉറപ്പാക്കാം. സമയ ബന്ധിതമായി പൂര്‍ത്തിയാക്കാം, മന്ത്രി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: