ഇത്തവണത്തെ നാഷണല്‍ ഓപ്പണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചത് നാല് പതിറ്റാണ്ടോളമെത്തിയൊരു വമ്പന്‍ റിക്കാര്‍ഡ് തിരുത്തിക്കൊണ്ടാണ്. പയ്യൊളി എക്സ്പ്രസ് എന്ന പേരില്‍ വിഖ്യാതയായ മലയാളത്തിന്റെ ഇതിഹാസ താരം പി.ടി. ഉഷ സ്ഥാപിച്ച റിക്കാര്‍ഡ് തിരുത്തിയത് വിദ്യ രാംരാജ് എന്ന കോയമ്പത്തൂരുകാരിയാണ്.
ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ദിവസമായ തിങ്കളാഴ്ചയാണ് വിദ്യ ഈ അപൂര്‍വ്വ നേട്ടം ആഘോഷിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അധ്യക്ഷയും രാജ്യസഭാ അംഗവുമായ പി.ടി. ഉഷ 1985ലെ ചാമ്പ്യന്‍ഷിപ്പില്‍ സ്ഥാപിച്ച റിക്കാര്‍ഡ് ആണ് തിങ്കളാഴ്ച ബെംഗളൂരുവിലെ കണ്ടീവര സ്റ്റേഡിയത്തില്‍ വിദ്യ മറികടന്നത്.
400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് പുതിയ റിക്കാര്‍ഡ് പിറന്നത്. 39 വര്‍ഷങ്ങള്‍ക്ക് ശേഷം 56.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 1985ല്‍ ഉഷ 56.80 സെക്കന്ഡുകളില് കുറിച്ച നേട്ടമാണ് പഴങ്കഥയായത്.
പി.ടി. ഉഷ സമ്പൂര്ണയായൊരു ഇതിഹാസമാണ്. അതിനാലാണ് ഇത്രയും ദീര്‍ഘകാലം ആ റിക്കാര്‍ഡ് നിലനിന്നത്. ഈ അസുലഭ നേട്ടത്തിന് പിന്നില്‍ തന്റെ പരിശീലകന്റെ പ്രേരണ ചില്ലറയല്ല- മത്സര ശേഷം വിദ്യ രാംരാജ് പ്രതികരിച്ചു.
വിദ്യയുടെ വമ്പന്‍ നേട്ടം ഇവിടെ തീരുന്നില്ല. ഇതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച ചരിത്രം താരത്തിനുണ്ട്. ഇതേ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റിക്കാര്‍ഡിന് അവകാശികളായ രണ്ട് പേരില്‍ ഒരാളാണ് വിദ്യ രാംരാജ്. കഴിഞ്ഞ വര്‍ഷം ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ സ്ഥാപിച്ച 55.42 സെക്കന്ഡിലെ ഫിനിഷിങ്ങിലാണ് ആ റിക്കാര്‍ഡ് നേട്ടത്തിലെത്തിയത്. ഇതേ സമയത്തില്‍ ഈ ഇനത്തില്‍ ഫിനിഷ് ചെയ്ത മറ്റൊരു അവകാശി സാക്ഷാല്‍ പി.ടി. ഉഷ തന്നെ. ഹാങ്ചോ ഏഷ്യന്‍ ഗെയിംസ് ഹീറ്റ്സിലായിരുന്നു വിദ്യയുടെ റിക്കാര്‍ഡ് നേട്ടം. ഫൈനലില്‍ ഇത്രയും സമയത്തില്‍ ഫിനിഷ് ചെയ്യാനായില്ലെങ്കിലും വെങ്കലനേട്ടം കൈവരിച്ചാണ് ഹാങ്ചോയില്‍ നിന്ന് മടങ്ങിയത്.
100 മീറ്ററിലും 400ലും 400 മീറ്റര്‍ ഹര്ഡില്സിലുമായാണ് തുടങ്ങിയത്. പിന്നീട് 400ലും 400 ഹര്‍ഡില്‍സിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ മിക്സഡ് റിലേയിലും വനിതാ റിലേയിലും വെള്ളി നേടിയ ടീമില്‍ വിദ്യയും ഉണ്ടായിരുന്നു.
കോയമ്പത്തൂരില്‍ ട്രക്ക് ഡ്രൈവറുടെ മകളായ വിദ്യ സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് ഭാരതത്തിന്റെ ട്രാക്ക് താരമായി ഉയര്‍ന്നുവന്നത്. സ്കൂള്‍ പഠന കാലത്ത് ഹോക്കിയോട് കമ്പം തോന്നിയത് ശ്രദ്ധയില്‍ പെട്ട അമ്മ കായിക രംഗത്തേക്ക് തിരിയാന്‍ പ്രോത്സാഹിപ്പിച്ചു. പിന്നീട് ട്രാക്ക് ഇനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോള്‍ പരിശീലകന് നെഹ്പാല് സിങ്ങിന് കീഴിലാണ് മത്സരങ്ങള്‍ക്ക് സജ്ജയാകുന്നത്. അടുത്ത കാലത്തായി 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 57 സെക്കന്‍ഡില്‍ താഴെയുള്ള സമയത്തില്‍ ഫിനിഷ് ചെയ്യുന്നതില്‍ തീവ്രപ്രയത്നം നടത്തിവരികയായിരുന്നു. അതിന്റെ പ്രതിഫലനമാണ് പുതിയ റിക്കാര്‍ഡ് സ്ഥാപിക്കുന്നതില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: