പാരീസ്: പാരാലിംപിക്സ് 2024ല്‍ ബുധനാഴ്ച നടന്ന മത്സരങ്ങളില്‍ ഭാരതത്തിനായി രണ്ട് പുരുഷ താരങ്ങള്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഷോട്ട് പുട്ടില്‍ സച്ചിന് ഖിലാരിയും ഹൈജംപില്‍ ശരദ് കുമാറും ആണ് വെള്ളി നേടിയത്. പുരുഷ ഹൈജംപില്‍ ഭാരത താരം മാരിയപ്പന് തങ്കവേലു വെങ്കലവും നേടി.
പുരുഷന്മാരുടെ ടി63 വിഭാഗത്തിലാണ് മാരിയപ്പന് തങ്കവേലു വെങ്കലം കൊയ്തത്. ടി 42 വിഭാഗത്തില്‍ ടോക്കിയോ പാരാലിംപിക്സില്‍ മാരിയപ്പന് കുറിച്ച 1.86 മീറ്ററിന്റെ റിക്കാര്‍ഡ് ഭേദിച്ചായിരുന്നു ശരദ് കുമാറിന്റെ പ്രകടനം. 1.88 മീറ്റര്‍ ഉയരം മറികടന്നാണ് ശരദിന്റെ വെള്ളി നേട്ടം. രണ്ടാം ശ്രമത്തില്‍ തന്നെ താരം ഈ ഉയരം മറികടന്നു. 1.91 മീറ്റര്‍ ചാടാനുള്ള അവസരത്തില്‍ ശരദ് വീണു. എന്നാല്‍ 1.94 മീറ്റര്‍ മറികടന്ന അമേരിക്കയുടെ എസ്രാ ഫ്രെച്ച് സ്വര്‍ണം സ്വന്തമാക്കി. ടി63 വിഭാഗത്തില്‍ പുതിയ പാരാലിംപിക് റിക്കാര്‍ഡ് ആണ് ഈ അമേരിക്കന്‍ താരം മറികടന്ന 1.94 മീറ്ററിന്റെ ഉയരം.
ഇന്നലെ വെങ്കലത്തിലേക്ക് ഇടിഞ്ഞ മാരിയപ്പന് 2016ല്‍ റയോ ഡി ജനീറോയില്‍ സ്വര്‍ണവും കഴിഞ്ഞ തവണ ടോക്കിയോയില്‍ വെള്ളിയും നേടിയ താരമാണ്.
പുരുഷ ഷോട്ട് പുട്ട് എഫ്46 വിഭാഗത്തിലാണ് ഭാരതത്തിനായി സച്ചിന് ഖിലാരി വെള്ളി നേടിയത്. 16.32 മീറ്റര്‍ ദൂരം കുറിച്ചാണ് താരത്തിന്റേ നേട്ടം. ഈ മെഡലോടുകൂടിയാണ് ഭാരതത്തിന്റെ നേട്ടം 21 ആയി ഉയര്‍ന്നത്. മൂന്ന് സ്വര്‍ണവും എട്ട് വെള്ളിയും പത്ത് വെങ്കലവും സഹിതമാണ് ഭാരതത്തിന് ഇത്രയും മെഡലുകളായത്. കഴിഞ്ഞ ദിവസം വൈകി നടന്ന മത്സരങ്ങളില്‍ ഭാരതത്തിന് രണ്ട് വെങ്കലവും ഒരു വെള്ളിയും സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. പുരുഷ ജാവലിന്‍ ത്രോയില്‍ അജീത്ത് സിങ് വെള്ളിയും സുന്ദര്‍ സിങ് ഗുര്‍ജാര്‍ വെങ്കലവും നേടി. ഇരുവരും ജാവലിനിലെ എഫ് 46 വിഭാഗത്തിലാണ് മത്സരിച്ചത്.
കഴിഞ്ഞ ദിവസത്തെ ഭാരതത്തിന്റെ മറ്റൊരു മെഡല്‍ ട്രാക്കില്‍ നിന്നായിരുന്നു. വനിതകളുടെ 400 മീറ്ററില്‍ ദീപ്തി ജീവന്‍ജി വെങ്കലം നേടി. ടി20 വിഭാഗം ഫൈനലില്‍ 55.82 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ദീപ്തി ഭാരതത്തിന് ട്രാക്കില്‍ നിന്നും വെങ്കലം സമ്മാനിച്ചത്.
21 മെഡലുകള്‍ നേടിയ ഭാരതം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19ലേക്ക് മുന്നേറിയിട്ടുണ്ട്.
56 സ്വര്‍ണമടക്കം 120 മെഡലുകളുമായി ചൈന ഗംഭീര കുതിപ്പ് തുടരുകയാണ്. 31 സ്വര്‍ണവുമായി രണ്ടാം സ്ഥാനത്ത് തുടുരന്ന ബ്രിട്ടന് തൊട്ടുപിന്നാലെ അമേരിക്കയുണ്ട്. 24 സ്വര്‍ണമാണ് അമേരിക്കയുടെ ഇതുവരെയുള്ള നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: