ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍താരം അരൈന സബലെങ്ക സെമിയില്‍ പ്രവേശിച്ചു. നാളെ നടക്കുന്ന മത്സരത്തില്‍ അമേരിക്കയുടെ എമ്മ നവാറോ ആണ് താരത്തിന്റെ എതിരാളി. ഇന്നലെ പുലര്‍ച്ചെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് കരുത്തന് താരം ചിന്‍വെന്‍ ഷെങ്ങിനെ അനായാസം മറികടന്നാണ് സബലെങ്കയുടെ മുന്നേറ്റം.
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്കോര്‍ 6-1, 6-2ന് നേരിട്ടുള്ള സെറ്റിനാണ് സബലെങ്ക ചിന്‍വെന്‍ ഷെങ്കിനെ മറികടന്നത്.
കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോള ബഡോസയെ തോല്‍പ്പിച്ചാണ് നവാറോയുടെ സെമി പ്രവേശം. യുഎസ് ഓപ്പണില്‍ 13-ാം സീഡ് താരമായാണ് ഈ അമേരിക്കന്‍ താരം മത്സരിക്കുന്നത്.
ഇന്നലെ നടന്ന പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ തിരെ പോരാടിയ അമേരിക്കന്‍ താരം ഫ്രാന്‍സെസ് ടിയാഫോ സെമിയില്‍ പ്രവേശിച്ചു. നാല് സെറ്റ് വരെ നീണ്ടു നിന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ ദിമിത്രോവ് പിന്മാറുകയായിരുന്നു. സ്കോര്‍: 6-3, 6-7(5-7), 6-3, 4-1ല്‍ എത്തിനില്‍ക്കെ കളി അവസാനിച്ചതോടെ ടിയാഫോയ്ക്ക് വാക്കോവര്‍ ലഭിച്ചു.
യുഎസ് ഓപ്പണില്‍ ഭാരതത്തിന്റെ പ്രതീക്ഷ അവസാനിച്ചു. രോഹന് ബൊപ്പണ്ണ മിക്സഡ് ഡബിള്‍സിലും തോറ്റ് പുറത്തായി. അമേരിക്കന്‍ സഖ്യം ടെയ്ലര് ടൗണ്‍സെന്‍ഡ്- ഡൊണാള്‍ഡ് യങ് ആണ് രോഹന് ബൊപ്പണ്ണയും ഇന്തോനേഷ്യക്കാരി അല്‍ദില സുത്ജിയാദിയും അടങ്ങിയ സഖ്യത്തെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റിന് സ്കോര്‍ 6-3, 6-4നായിരുന്നു തോല്‍വി. പുരുഷ ഡബിള്‍സില്‍ നേരത്തെ തന്നെ രോഹന് ബൊപ്പണ്ണയും സഖ്യതാരം മാത്യു എബ്ഡെനും പുറത്തായതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: