Cricket

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സിന് 39 റണ്‍സ് വിജയം

Published by

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം ദിവസത്തെ ആദ്യമത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് വിജയിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 39 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്‌സ്‌റ്റേര്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഓവറില്‍തന്നെ കാലിക്കറ്റിന്റെ ക്യാപ്റ്റന്‍ റോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് കൊച്ചിയുടെ ക്യാപ്റ്റന്‍ ബേസില്‍ തമ്പി വീഴ്‌ത്തി. ആദ്യ 3 വിക്കറ്റുകള്‍ വേഗത്തില്‍ വീണെങ്കിലും തുടര്‍ന്ന് സല്‍മാന്‍ നിസാര്‍-എം. അജ്‌നാസ് കൂട്ടുകെട്ട് കാലിക്കറ്റിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു.

36 പന്തില്‍ നിന്ന് അജിനാസ് അര്‍ദ്ധ സെഞ്ചുറി തികച്ചു. ഷൈന്‍ ജോണ്‍ ജേക്കബിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി പുറത്താകുമ്പോള്‍ 39 പന്തില്‍ രണ്ട് സിക്‌സും എട്ടു ബൗണ്ടറിയും ഉള്‍പ്പെടെ 57 റണ്‍സ് അജിനാസ് സ്വന്തമാക്കിയിരുന്നു. സല്‍മാന്‍ നിസാര്‍ 36 പന്തില്‍ നിന്ന് ഒരു സിക്‌സറും നാലു ബൗണ്ടറിയും ഉള്‍പ്പെടെയാണ് അര്‍ദ്ധസെഞ്ചുറി തികച്ചത്. 39 പന്തില്‍ ഒരു സിക്‌സും ആറു ബൗണ്ടറിയും ഉള്‍പ്പെടെ 55 റണ്‍സ് എടുത്ത സല്‍മാനെ ബേസില്‍ തമ്പിയാണ് പുറത്താക്കിയത്. 19 പന്തില്‍ 37 റണ്‍സെടുത്ത അന്‍ഫല്‍ പി.എം. കാലിക്കറ്റിന്റെ സ്‌കോര്‍ കുത്തനെ ഉയര്‍ത്തി. ഇരുപത് ഓവര്‍ അവസാനിച്ചപ്പോള്‍ കാലിക്കറ്റ് സ്‌കോര്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ്. കെസിഎലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് ബേസില്‍ തമ്പി കൊച്ചിക്കു വേണ്ടി നാലു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്ക് ആദ്യ ഓവറില്‍ അനന്ദ് കൃഷ്ണനെ (നാല്) നഷ്ടപ്പെട്ടു. തുടര്‍ന്നെത്തിയ ഷോണ്‍ റോജറും ഓപ്പണര്‍ ജോബിന്‍ ജോബിയും ചേര്‍ന്ന് അഞ്ച് ഓവറില്‍ 39 റണ്‍സ് എന്ന നിലയിലെത്തിച്ചു. ഏഴാം ഓവറില്‍ കൊച്ചിയുടെ സ്‌കോര്‍ 50 പിന്നിട്ടു. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വിക്കറ്റിന് 71 എന്ന നിലയിലായിരുന്നു കൊച്ചി. 34 പന്തില്‍ നാലു സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 45 റണ്‍സ് നേടിയ റോജര്‍ പുറത്തായത് കൊച്ചിക്ക് തിരിച്ചടിയായി. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുക്കാനേ കൊച്ചിക്കു കഴിഞ്ഞുള്ളു.

കാലിക്കറ്റിനുവേണ്ടി അഖില്‍ സ്‌കറിയ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടി. അഭിജിത് പ്രവീണ്‍, എം. നിഖില്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. കാലിക്കറ്റിന്റെ എം. അജിനാസാണ് മാന്‍ ഓഫ് ദ മാച്ച്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക