ന്യൂദല്‍ഹി: ത്രിപുരയില്‍ സമാധനക്കൊടി ഉയര്‍ത്തി തീവ്രവാദി സംഘടനകളുടെ കീഴടങ്ങല്‍. മൂന്നരപ്പതിറ്റാണ് വിഘടനവാദത്തിലൂന്നി സായുധ കലാപങ്ങള്‍ സൃഷ്ടിച്ചിരുന്ന നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര (എന്‍എല്‍എഫ്ടി), ഓള് ത്രിപുര ടൈഗര്‍ ഫോഴ്സ് (എടിടിഎഫ്) എന്നിവയാണ് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചത്. ത്രിപുരയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാമെന്ന ധാരണയില്‍ കേന്ദ്ര സര്‍ക്കാരും ത്രിപുര സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ ഇരുസംഘടനകളും ഒപ്പുവച്ചു. മുന്നൂറിലേറെ പേരാണ് കീഴടങ്ങിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റതുമുതല്‍ തുടരുന്ന സമാധാനച്ചര്ച്ചകളുടെ ഫലമാണിതെന്ന് അമിത് ഷാ പറഞ്ഞു.
35 വര്‍ഷമായി തുടരുന്ന പോരാട്ടത്തിന് ശേഷം നിങ്ങള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് മുഖ്യധാരയില്‍ ചേരുന്നതില്‍ സന്തോഷമുണ്ട്. ത്രിപുരയുടെ വികസനത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയ്ക്ക് അനുമോദനം. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിന് സമാധാനപൂര്‍ണമായ ജനജീവിതം അനിവാര്യമാണെന്ന നിലപാടിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സായുധ സംഘട്ടനത്തിന് പകരം സമാധാനസംഭാഷണത്തിന്റെ വഴി തുറന്നത്, അമിത് ഷാ പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ദല്‍ഹിയിലെയും ജനങ്ങള്‍ക്കിടയില്‍ വലിയ അകലം ഉണ്ടായിരുന്നു. റോഡ്, റെയില്‍, വ്യോമ ഗതാഗതം വഴിയുള്ള ഈ ദൂരം പ്രധാനമന്ത്രി ഇല്ലാതാക്കി. ജനങ്ങളുടെ ഹൃദയങ്ങള്‍ തമ്മിലുള്ള അകലവും ഇല്ലാതായി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് വടക്കുകിഴക്കന്‍ മേഖലയില്‍ പന്ത്രണ്ടാമത്തെ കീഴടങ്ങല്‍ കരാറാണിത്. ത്രിപുരയില്‍ മാത്രം മൂന്ന് സംഘടനകളാണ് സമാധാനത്തിന്റെ പാതയിലേക്ക് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: