Alappuzha

പോലീസുകാരന്‍ വാഹനാപകടത്തില്‍ മരിച്ച കേസ്: പതിനഞ്ച് വര്‍ഷത്തിന് ശേഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published by

മണ്ണഞ്ചേരി:. പോലീസുകാരന്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ 15 വര്‍ഷത്തിന് ശേഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഇടുക്കി സായുധ പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പത്തനംതിട്ട പന്തളം തെന്നല്ലൂര്‍ ചോതി നിവാസില്‍ ടി.എ. രാജീവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ എംഎസി ട്രിബ്യൂണല്‍ എസ്. സജികുമാര്‍ വിധിച്ചത്. രാജീവിന്റെ ഭാര്യ അനുപമ, മകള്‍ അരുന്ധതി, മാതാവ് പൊന്നമ്മ എന്നിവര്‍ക്കാണ് നഷ്ടപരിഹാരമായി പലിശയടക്കം 35 ലഷം രൂപ നല്‍കേണ്ടത്. ലോറിയുടെ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് ആണ് തുക നല്‍കേണ്ടത്.

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡില്‍ മനക്കച്ചിറയില്‍ 2009 ഏപ്രില്‍ ഏഴിന് രാത്രിയായിരുന്നു അപകടം. കോട്ടയത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് സഹപ്രവര്‍ത്തകനായ ബൈജുവുമൊന്നിച്ച് ബൈക്കില്‍ മടങ്ങിവരവെ റോഡരികില്‍ അലക്ഷ്യമായി പാര്‍ക്കു ചെയ്തിരുന്ന ലോറിക്കു പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവരും മരിച്ചു.

ചങ്ങനാശ്ശേരി പോലീസ് വാഹനാപകടമായി മാത്രം രജിസ്റ്റര്‍ ചെയ്ത കേസായിരുന്നതിനാല്‍ രാജീവിന്റെ ബന്ധുക്കള്‍ എട്ടു വര്‍ഷത്തോളം പരാതി നല്‍കിയില്ല. പിന്നീടാണ് 2018 ല്‍ ലോറി ഉടമയെയും, ഇന്‍ഷുറന്‍സ് കമ്പനിയെയും പ്രതിയാക്കി രാജീവിന്റെ ബന്ധുക്കള്‍ കേസ് ഫയല്‍ ചെയ്തത്. ബൈജുവിന്റെ ബന്ധുക്കള്‍ നേരത്തെ തന്നെ കോടതിയെ സമീപിച്ച് നഷ്ടപരിഹാരം നേടിയെടുത്തിരുന്നു. പരാതിക്കാരിക്കു വേണ്ടി അഭിഭാഷകരായ ജയിംസ് ചാക്കോ, ജോസ് വൈ. ജയിംസ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക