മലപ്പുറം: മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മരം മുറിച്ചെന്ന പി വി അൻവർ എം എൽ എയുടെ ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സമീപത്ത് താമസിക്കുന്ന സ്ത്രീ. മരം മുറിച്ചു കഴിഞ്ഞശേഷമാണ് വീടിന് അപകട ഭീഷണിയുണ്ടെന്ന പരാതി പൊലീസ് എഴുതി വാങ്ങിയതെന്ന് അയൽവാസി ഫരീദ പറഞ്ഞു.
മരം മുറി സംബന്ധിച്ച് ആരെങ്കിലും ചോദിച്ചാൽ സുജിത്ത് ദാസ് എസ്.പിക്കു മുമ്പ് അബ്ദുൾ കരീം എസ്.പിയുടെ കാലത്താണ് മരം മുറിച്ചതെന്ന് പറയണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നതായി ഫരീദ പറഞ്ഞു.
പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് വെട്ടിലായ മലപ്പുറം മുൻ എസ്പി സുജിത്ത് ദാസിനെ കുടുക്കുന്ന വെളിപ്പെടുത്തലാണ് സ്ത്രീയുടേത്. സുജിത്ത് ദാസ് മലപ്പുറം എസ്പിയായിരിക്കെയാണ് മരം മുറി നടന്നതെന്നാണ് ക്യാമ്പ് ഓഫീസിന് സമീപം താമസിക്കുന്ന ഫരീദയുടെ നിർണായക വെളിപ്പെടുത്തൽ.
അതേസമയം, അപകടഭീഷണി ഉയർത്തിയ മരത്തിന്റെ ചില്ലകൾ മാത്രമാണ് മുറിച്ചു നീക്കിയതെന്നാണ് പൊലീസ് റിപ്പോർട്ട്.
മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിന് സമീപമാണ് വർഷങ്ങളായി താമസിക്കുന്നതെന്ന് ഫരീദ പറഞ്ഞു. ആദ്യം വീടിന് ഭീഷണിയുണ്ടായിരുന്നപ്പോൾ അബ്ദുൾ കരീമായിരുന്നു എസ്പി. അന്ന് അപേക്ഷ നൽകിയിട്ടും മരം മുറിച്ചില്ല. റവന്യു, വനംവകുപ്പ് എന്നിവയുടെ അനുമതി വേണമെന്നാണ് പറഞ്ഞത്.പിന്നെ കുറെ കഴിഞ്ഞപ്പോൾ ഭീഷണിയായ മരത്തിന്റെ ചില്ല മാത്രം വെട്ടി . അതിനുശേഷമാണ് സുജിത്ത് ദാസ് എസ്പിയായി എത്തിയത്.പിന്നീട് അപേക്ഷ നൽകിയിട്ടില്ല.
ഇതിനിടെയാണ് മരം മുറിക്കുന്നത്. മരം മുറിച്ചശേഷം പൊലീസ് സെക്യൂരിറ്റി ഗാർഡാണ് എഴുതി ഒപ്പിട്ടു തരാൻ ആവശ്യപ്പെട്ടത്. വീടിന് അപകട ഭീഷണിയുള്ളതിനാലാണ് മരം മുറിച്ചതെന്ന് അപേക്ഷ നൽകാനാണ് പറഞ്ഞത്.പിന്നീടാണ് അനധികൃതമായാണ് മരം മുറിച്ചതെന്ന ആരോപണം ഉയർന്നതായി അറിഞ്ഞത്.അതിനുശേഷം അബ്ദുൾ കരീം എസ്പിയായിരുന്നപ്പോൾ മുറിച്ചതാണെന്ന് പറയണമെന്ന് പറയാൻ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം ഉണ്ടായിരുന്നപ്പോൾ അപകടഭീഷണിയായ ചില്ല മാത്രമാണ് മുറിച്ചതെന്നും ഫരീദ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: