തിരുവനന്തപുരം: തീവണ്ടിയിലിരുന്ന് തന്റെ കഥാ സമാഹാരം വായിച്ച നാട്ടുകാരനെ തപ്പുകയാണ് പ്രമുഖ കഥാകാരന്‍ കെ എസ് രതീഷ്. ‘ ചങ്കത്തി ‘ കൂട്ടുകാരി അയച്ചു കൊടുത്ത മുഖം മറഞ്ഞ ചിത്രവും ബിജെപി രാഷ്‌ട്രീയ ലക്ഷണം ഉള്ളയാള്‍ എന്ന വിശേഷണവും മാത്രമാണ് തന്റെ പ്രിയപ്പെട്ട വായനക്കാരനെ തിരിച്ചറിയാന്‍ എഴുത്തുകാരന്റെ കയ്യിലെ തെളിവ്.
‘ ബിജെപിക്കാരന്റെ രാഷ്‌ട്രീയ ലക്ഷണമുള്ള ആളെ ഞാനിനി തപ്പി നടക്കും ‘ എന്നു പറഞ്ഞുകൊണ്ടുള്ള എഴുത്തുകാരന്റെ പോസ്റ്റും അത് പങ്കുവെച്ചുകൊണ്ട് ആസ്വാദകന്‍ എഴുതിയ കുറിപ്പും വൈറല്‍ ആയി.
കെ എസ് രതീഷിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇതായിരുന്നു.
”നോക്കടാ ഒരാള് തീവണ്ടിയില്‍ നിന്റെ മാളവും വായിച്ചിരിക്കണ്….?
ഈ മാളം എഴുതിയത് എന്റെ കൂട്ടുകാരനാണെന്ന് ചങ്കത്തി അയാളോട് കേറിയങ്ങ് വല്യ ഗമയില്‍ പറഞ്ഞു.
ഞാന്‍ അയാളുടെ നാട്ടുകാരനാണെന്ന് തിരിച്ചു നൈസായി പറഞ്ഞത്രേ…
ബി ജെ പിക്കാരന്റെ രാഷ്‌ട്രീയ ലക്ഷണമുള്ള ഇയാളെ ഞാനിനി തപ്പി നടക്കും. അവള് മുഖമുള്ള ഒരു ഫോട്ടോ എടുത്താല്‍ മതിയായിരുന്നു.’
ആ വായനക്കാരന്‍ താനാണെന്ന് പറഞ്ഞ് വി ഹരികുമാര്‍ പോസ്റ്റ് പകര്‍ത്തി കുറിപ്പിട്ടു. കഥാകാരന്റെ ‘ചങ്കത്തി’യുടെ ബോധ്യം ശരിയായിരുന്നു. ബാലഗോകുലം സംസ്ഥാന സെക്രട്ടറി ഹരികുമാര്‍ ബിജെപി രാഷ്‌ട്രീയം ഉള്ള ആള്‍ തന്നെ.
ഹരികുമാറിന്റെ കുറിപ്പ് ഇങ്ങനെ:
ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ് നമുക്ക് തരുന്നത്. അത്തരത്തിലുള്ള ഒരു അനുഭവം നിങ്ങളുമായി പങ്കുവെക്കുന്നു. ഇന്നലെ ബാലഗോകുലത്തിന്റെ ചില പരിപാടികള്‍ക്കായി ചേര്‍ത്തല വരെ പോകണമായിരുന്നു. രാവിലെ തിരുവനന്തപുരത്തുനിന്നും ജനശതാബ്ദിയില്‍ യാത്ര . വര്‍ക്കല കഴിഞ്ഞപ്പോള്‍ ഒരു അമ്മയും മകളും എന്റെ തൊട്ടടുത്ത സീറ്റുകളിലായിരുന്നു. ഞാന്‍ പതിവുപോലെ ഒരു പുസ്തകം വായിക്കാന്‍ എടുത്തു. (പ്രിയ കഥാകാരന്‍ കെ. എസ് രതീഷ് എഴുതിയ കഥകളുടെ സമാഹാരം’ മാളം’) കുറച്ചു കഴിഞ്ഞപ്പോള്‍ മകള്‍ എന്നോട് ചോദിച്ചു ‘രതീഷിനെ അറിയുമോ എന്റെ ഫ്രണ്ട് ആണ് ‘.ഞാന്‍ പറഞ്ഞു രതീഷ് എന്റെ നാട്ടുകാരനാണ് (കാട്ടാക്കട പന്തയാണ് രതീഷിന്റെ സ്ഥലം) ഇതിനിടയില്‍ ഞാന്‍ വായിച്ചു കൊണ്ടിരുന്ന ഒരു ഫോട്ടോ കക്ഷി ഞാന്‍ അറിയാതെ എടുത്ത് രതീഷിന് അയച്ചുകൊടുക്കുകയും , ഉണ്ടായ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തിരിക്കാം. ഇന്ന് ഫേസ്ബുക്ക് നോക്കിയപ്പോള്‍ കെ.എസ് രതീഷിന്റെ ഒരു പോസ്റ്റ്. ഇനി നിങ്ങള്‍ വായിക്കൂ…..
‘എന്റെ കൂട്ടുകാരി എന്തായാലും നിങ്ങളെ കണ്ടെത്തിയത് സന്തോഷം. നേരിട്ട് കാണാന്‍ കടുത്ത കാത്തിരിപ്പ്’ എന്ന മറുപടി കുറിപ്പും രതീഷ് എഴുതി.
ബാങ്ക് ജീവനക്കാരനായ ഹരികുമാര്‍ മലയന്‍കീഴാണ് താമസിക്കുന്നത്. കഥാകാരന്റെ വീടുമായി 10 കിലോമീറ്ററിനടുത്ത് ദൂരം മാത്രം
ചുറ്റുമുള്ള ജീവിതങ്ങളില്‍നിന്നും കണ്ണീരിന്റെ നനവുള്ള കഥകള്‍ കയ്യടക്കത്തോടെ എഴുതുന്ന കെ എസ് രതീഷിന്റെ 10 കഥകളുടെ സമാഹാരമാണ് ‘മാളം’. പച്ചയായ ജീവിതങ്ങളുടെയും ഭാവനകളുടെയും ഒത്തനടുവിലാളുന്ന തീകുണ്ഠങ്ങളിലാണ് മാളത്തിലെ ഓരോ കഥാപാത്രങ്ങളും പൊള്ളിത്തിമിര്‍ത്താടുന്നത്. ഓരോ കഥയിലൂടെയും കടന്നുപോകുമ്പോഴും ഇതെന്റെ കണ്ണീരാണെന്ന് വായനക്കാര്‍ക്ക്് കഥാകൃത്തിനോട് തര്‍ക്കിക്കേണ്ടിവരും.
ഡിസി ബുക്‌സ് പുറത്തിറക്കിയ മാള ത്തിന്റെ പ്രകാശനം പോലും ശ്രദ്ധേയമായിരുന്നു. രതിഷ് പഠിപ്പിക്കുന്ന സ്‌ക്കൂളിലെ ആയയാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രകാശനത്തെക്കുറിച്ച് രതീഷ് എഴുതിയതിങ്ങനെ
‘മാളത്തിലെ ലാസറിനെ നിര്‍മ്മിക്കാന്‍ എന്റെ സ്‌കൂളിന്റെ മുതലാളിയായ ഗീതേച്ചിയെയാണ് ഞാന്‍ ഒളിഞ്ഞുനോക്കിയത്..
ഇന്ന്, ഇരുട്ടിന്റെ കുട്ടികളെ കഌസ്മുറികളില്‍ അടച്ച്, മൂത്രപ്പുരയും കൈകഴുകുന്ന ഇടവും മുറ്റവും വരാന്തകളും വൃത്തിയാക്കി സ്‌കൂളിനെ ഒരുക്കിനിര്‍ത്തിയിട്ട് നടുനിവര്‍ത്താന്‍ പടിയിലിരുന്ന ഗീതേച്ചി എന്റെ അഭ്യര്‍ത്ഥന മാനിച്ച് മാളം പ്രകാശനം ചെയ്തു…!
39 സെക്കന്റില്‍ പ്രകാശനം കഴിഞ്ഞു’
പ്രതികരിക്കാൻ ഇവിടെ എഴുതുക: