ബന്ദ : ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ താമസിക്കുന്ന ഷഹ്‌സാദിയെ സെപ്റ്റംബർ 20ന് ശേഷം എപ്പോൾ വേണമെങ്കിലും യുഎഇയിൽ തൂക്കിലേറ്റിയേക്കും. 29 കാരിയായ യുവതി ഏറെക്കാലമായി അബുദാബി ജയിലിലാണ്. നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകമായി ബന്ധപ്പെട്ടാണ് യുവതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ മകളുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹ്‌സാദിയുടെ പിതാവ് ഷബീർ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യർത്ഥിച്ചു. അബുദാബിയിലെ അൽ ബത്വ ജയിലിൽ കഴിയുന്ന മകൾ ഷഹ്‌സാദി ഞായറാഴ്ച ജയിലിൽ നിന്ന് തന്നെ വിളിച്ച് സെപ്റ്റംബർ 20 ന് ശേഷം എപ്പോൾ വേണമെങ്കിലും തൂക്കിലേറ്റപ്പെടുമെന്ന് പറഞ്ഞതായി മതൗന്ദ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഗൊയ്‌റ മുഗ്ലായ് ഗ്രാമവാസിയായ ഷബീർ ചൊവ്വാഴ്ച പറഞ്ഞു.
തന്റെ മകളുടെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് തിങ്കളാഴ്ച രാഷ്‌ട്രപതിക്കും പ്രധാനമന്ത്രി മോദിക്കും ഇമെയിൽ വഴി കത്തയച്ചിട്ടുണ്ടെന്ന് ഷബീർ പറഞ്ഞു. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് റൊട്ടി ബാങ്ക് ഓഫ് ബന്ദ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അവർ ആഗ്രയിൽ താമസിക്കുന്ന ഉസൈറുമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായി.
കുട്ടിക്കാലത്ത് ഷഹ്‌സാദിയുടെ മുഖം പൊള്ളലേറ്റിരുന്നതായി ഷബീർ പറഞ്ഞു. തുടർന്ന് ചികിത്സ നൽകാനെന്ന വ്യാജേന ഉസൈർ 2021 നവംബറിൽ അവളെ ദുബായിലേക്ക് അയച്ചു. ഉസൈറിന്റെ അമ്മാവൻ ഫായിസും അമ്മായി നാസിയയും നാസിയയുടെ അമ്മായിയമ്മ അഞ്ജും സഹന ബീഗവും ദുബായിലാണ് താമസിക്കുന്നത്.
തുടർന്ന് നാസിയ ഒരു മകനെ പ്രസവിച്ചു. എന്നാൽ കുഞ്ഞ് നാല് മാസവും 21 ദിവസവും പ്രായമുള്ളപ്പോൾ മരിച്ചു. ഈ കുട്ടിയുടെ കൊലപാതകത്തിൽ ഷഹ്‌സാദിക്ക് പങ്കുണ്ടെന്ന് പറഞ്ഞാണ് ഇപ്പോൾ കേസിലകപ്പെട്ട് വധശിക്ഷയ്‌ക്ക് കാത്തിരിക്കുന്നതെന്ന് ഷബീർ പറഞ്ഞു.
ഇപ്പോൾ തന്റെ മകൾ ഷഹ്‌സാദി അബുദാബിയിലെ അൽ ബത്വ ജയിലിലാണ്. 2023ലാണ് താൻ വധശിക്ഷ വിധിച്ച വിവരം അറിഞ്ഞതെന്നും അന്നുമുതൽ തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യാ ഗവൺമെൻ്റിനോട് അപേക്ഷിക്കുന്നുണ്ടെന്നും ഷബീർ പറഞ്ഞു.
അതേ സമയം തന്റെ മകളെ ദുബായിൽ കടത്തികൊണ്ട് പോയത് സംബന്ധിച്ച് 2024 ജൂലൈ 15 ന് മതാവുന്ദ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ മുഹമ്മദ് അക്രം അന്വേഷണത്തിൽ ഒരു ചുവടുപോലും എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ഉസൈറുമായുള്ള സൗഹൃദമാണ് പോലീസ് ഉദ്യോഗസ്ഥനെ കേസ് എടുക്കാൻ വിലക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഉസൈർ, അമ്മാവൻ ഫായിസ്, അമ്മായി നാസിയ, നാസിയയുടെ അമ്മായിയമ്മ അഞ്ജും സഹന ബീഗം എന്നിവരെ പ്രതികളാക്കിയ ഷഹ്‌സാദിയുടെ കേസ് ദുബായുമായി ബന്ധപ്പെട്ടതാണെന്ന് ഇൻവെസ്റ്റിഗേഷൻ ഓഫീസർ (ഐഒ) മുഹമ്മദ് അക്രം ചൊവ്വാഴ്ച വൈകുന്നേരം പറഞ്ഞു.
ഇരയുടെയും പ്രതിയുടെയും മൊഴി രേഖപ്പെടുത്തുന്നതിനായി ഇന്ത്യയിലെ ദുബായ് എംബസിയിലേക്ക് ഉടൻ കത്തിടപാടുകൾ നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: