മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാന്റെ മുംബൈയിലെ വീടിന് പുറത്ത് നടന്ന വെടിവെയ്‌പ്പിലെ രണ്ട് പ്രതികൾക്ക് വധഭീഷണിയുള്ളതായി കുടുംബാംഗങ്ങൾ. അവരുടെ സംരക്ഷണം അഭ്യർത്ഥിച്ച് മഹാരാഷ്‌ട്ര, ബിഹാർ സർക്കാരുകൾക്ക് ബസുകൾ കത്തയച്ചു.
തങ്ങളെ കൊല്ലാൻ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾ ആസൂത്രണം ചെയ്യുന്നുവെന്നാണ് പ്രതികൾ ജയിലിൽ സന്ദർശിക്കാൻ എത്തിയ ബന്ധുക്കളോട് പറഞ്ഞത്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്തതിന് ലോറൻസ് ബിഷ്‌ണോയി സംഘാംഗങ്ങളായ വിക്കി ഗുപ്തയും സാഗർ പാലും ഈ വർഷം ഏപ്രിൽ 14 ന് ഗുജറാത്തിൽ നിന്ന് അറസ്റ്റിലായതിന് പിന്നാലെയാണിത്.
ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ മജാരിയയിൽ താമസിക്കുന്ന പ്രതി വിക്കി ഗുപ്തയുടെ സഹോദരൻ സോനു ഗുപ്തയാണ് കത്തുകൾ എഴുതിയത്. രണ്ടാമത്തെ കത്ത് അയച്ചത് അതേ പ്രദേശത്തു തന്നെയുള്ള പ്രതി സാഗർ പാലിന്റെ സഹോദരനാണ്.
അതേ സമയം രണ്ട് പ്രതികളും ഇപ്പോൾ തലോജ ജയിലിലാണ്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളാണ് സഹോദരങ്ങളെ കൊല്ലാൻ ചില ഗൂഢാലോചനകൾ നടത്തുന്നതെന്ന് രണ്ട് ബന്ധുക്കൾ പറയുന്നു. മെയ് മാസത്തിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച സഹപ്രതി അനൂജ് ഥാപ്പന്റെ അതേ ഗതി തങ്ങളുടെ സഹോദരങ്ങൾക്കും നേരിടേണ്ടിവരുമെന്ന് കത്തിൽ ആരോപിക്കുന്നു.
ജയിലിൽ കഴിയുന്ന പ്രതി വിക്കി ഗുപ്തയുടെ അഭിഭാഷകനും വിഷയത്തിൽ സംസാരിച്ചു. വിക്കി ഗുപ്തയും സാഗർ പാലും തങ്ങളുടെ ജീവന് സംരക്ഷണത്തിനായി അധികാരികൾക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഡി കമ്പനിയുടെ ഭീഷണിയുണ്ടെന്ന് ഇവർ പറയുന്നു. പ്രതികൾ ഇക്കാര്യം അവരുടെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 14 ന് സബർബൻ ബാന്ദ്ര ഏരിയയിലെ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. വിക്കി ഗുപ്തയും സാഗർ പാലും ഗുജറാത്തിൽ നിന്നാണ് പിന്നീട് അറസ്റ്റിലായത്.
കൂടാതെ മറ്റൊരാളായ അനൂജ് തപാൻ (32) ഏപ്രിൽ 26 ന് പഞ്ചാബിൽ നിന്ന് അറസ്റ്റിലായി. എന്നാൽ മെയ് ഒന്നിന് ക്രൈംബ്രാഞ്ചിന്റെ പോലീസ് ലോക്കപ്പിലെ ശുചിമുറിയിൽ താപനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നേരത്തെ, വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ പ്രതികൾക്കെതിരെയും മുംബൈ പോലീസ് മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ) ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: