ന്യൂദല്‍ഹി: ഏതാണ്ട് 6000 വർഷം മുൻപുണ്ടായ സൂര്യഗ്രഹണം ഋഗ്വേദത്തിൽ പരാമർശിക്കുന്നതായി ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. ടാറ്റ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ മായങ്ക് വാഹിയ, ജപ്പാൻ നാഷനൽ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിലെ മിത്സുരു സോമ എന്നിവർ ജേണൽ ഓഫ് അസ്ട്രോണമിക്കൽ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജിൽ എഴുതിയ പ്രബന്ധത്തിൽ ഇത് വിവരിക്കുന്നു.
ഒരു ഗ്രന്ഥത്തിൽ ഗ്രഹണം ആദ്യമായി പരാമർശിച്ചത് ഇതാകാമെന്ന് കണക്കാക്കുന്നു. ബി സി ഇ 1500 നടുത്ത് ഋഗ്വേദം ഉണ്ടായെന്നാണ് കരുതുന്നത്. ഇത് എഴുതുന്നതിന് മുൻപുള്ള ചരിത്രസംഭവങ്ങളും ഇതിലുണ്ട്.
ഋഗ്വേദത്തിലെ പരാമർശം, പുരാതന കാലത്ത് എങ്ങനെയാണ് സമ്പൂർണ സൂര്യഗ്രഹണം ആളുകളെ ആകർഷിച്ചതെന്നും, പുരാതന ഗ്രന്ഥങ്ങൾക്ക് നമ്മുടെ ഇന്നത്തെ ആകാശ സംഭവങ്ങളെക്കുറിച്ചുള്ള അറിവിന് എങ്ങനെ സംഭാവന നൽകാമെന്നും എടുത്തുകാണിക്കുന്നു.
അത്രിമുനി സൂര്യനെ ഗ്രഹണത്തിൽ നിന്ന് രക്ഷിക്കാൻ സ്വർഭാനു എന്ന അസുരനെ കൊല്ലുന്ന കഥ പറയുന്നിടത്താണ് സൂര്യഗ്രഹണം പരാമർശം.
വസന്തവിഷു സമയത്ത് (vernal equinox) സൂര്യോദയ സ്ഥാനം ഋഗ്വേദത്തിലെ ചില ഭാഗങ്ങളിൽ പറയുന്നു. സംഭവം നടന്നത് ശബരൻ നക്ഷത്രഗണത്തിൽ (orion) ആണെന്ന് ഒരിടത്തും കാർത്തിക താരവ്യൂഹത്തിൽ (Pleiades) ആണെന്ന് മറ്റൊരിടത്തും പറയുന്നു.
ഭൂമി അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നതനുസരിച്ച്, ഈ പ്രധാന ജ്യോതിശാസ്ത്ര സംഭവ സ്ഥാനങ്ങളും മാറും. ഇപ്പോൾ വസന്തവിഷു, മകര രാശി (pisces) യിലാണ്. ബി സി ഇ 4500നടുത്ത് ശബരനിൽ ആയിരുന്നു. ബി സി ഇ 2230 നടുത്ത് കാർത്തികയിലും ആയിരുന്നു. സംഭവം നടന്ന കാലം നിർണയിക്കാൻ ഇത് സഹായിക്കുന്നു.
ഗ്രഹണം പറയുന്ന ഖണ്ഡികയിൽ സംഭവം വിവരിക്കുന്നില്ല. സൂര്യനെ ഇരുൾ തുളച്ചു കയറിയെന്നും സൂര്യന്റെ മായികസാന്നിധ്യത്തെ ദുഷ്ടജീവികൾ അപ്രത്യക്ഷമാക്കിയെന്നും പറയുന്നു. ഇതൊന്നും രാഹു, കേതു എന്നിവയെപ്പറ്റിയല്ല. രാഹുവും കേതുവും താരതമ്യേന ആധുനികന്മാരാണ്. ശരത്കാല വിഷുവിന് (autumnal equinox) മൂന്ന് ദിവസം മുൻപാണ് ഇതുണ്ടായതെന്ന് ശാസ്ത്രജ്ഞർ കണക്കാക്കി. സംഭവം നടന്നത് ഋഗ്വേദ കർത്താക്കൾ ജീവിച്ചിടത്താകണം.
ഈ ഗ്രഹണം നടന്നത് രണ്ടു തീയതികളിൽ ഒന്നിൽ ആകാനാണ് സാധ്യത: ബി സി ഇ 4202 ഒക്ടോബർ 22, ബി സി ഇ 3811 ഒക്ടോബർ 19. ഇതുവരെ രേഖപ്പെടുത്തിയ സൂര്യഗ്രഹണ ചരിത്രത്തെക്കാൾ പഴയ തീയതികൾ ആണിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: