തിരുവനന്തപുരം: പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ രണ്ടുപേർ മരിക്കാനിടയായ തീപിടുത്തത്തിലെ ദുരൂഹത അകലുന്നു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. തന്നെ ഒഴിവാക്കിയതിലുള്ള പകയിൽ യുവതിയെ കൊലപ്പെടുത്താനാണ് ബിനു സ്ഥാപനത്തിൽ എത്തിയതെന്നാണ് നിഗമനം.
ബിനു മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുമായി സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. 7 മാസമായി ബിനുവും വൈഷ്ണയും അകന് താമസിക്കുകയായിരുന്നു. നാലു മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് പ്രവർത്തിക്കുന്ന സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ നിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടർന്നത്. രണ്ടാം നിലയിലുള്ള സ്ഥാനപത്തിലേക്ക് കയറി തീ കെടുത്താൻ പോലും പോലും നാട്ടുകാർക്ക് കഴിഞ്ഞില്ല. ഫയർഫോഴ്സെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. വൈഷ്ണയെ തിരിച്ചറിഞ്ഞുവെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് ആദ്യം വ്യക്തമായിരുന്നുന്നില്ല. രണ്ടാമത്തെ മൃതദേഹം ബിനുവിൻറേതാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സ്ഥലം പരിശോധിച്ച പൊലീസിന് സംശയമായി. ഷോർട്ട് സർക്യൂട്ടല്ല അപകടകരാണമെന്ന് പ്രാഥമികമായി മനസിലാക്കിയ പൊലീസ് വൈഷ്ണയുടെ സഹോദനെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കുടുംബ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായത്. ബിനു മുമ്പും ഈ സ്ഥാപനത്തിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: