പാലക്കാട് മൂന്നു ദിവസങ്ങളിലായി ചേര്‍ന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ സമന്വയ ബൈഠക് സംഘടനാകാര്യങ്ങള്‍ക്കു പുറമെ രാഷ്ട്രം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും സമഗ്രമായ ചര്‍ച്ചകള്‍ നടത്തുകയും മാധ്യമങ്ങള്‍ വഴി നിലപാടുകള്‍ അറിയിക്കുകയും ചെയ്തു. സര്‍സംഘചാലക് മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുമുള്‍പ്പെടെ അഖിലഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ 90 പ്രതിനിധികളും, മറ്റ് സംഘടനകളുടെ ദേശീയ അധ്യക്ഷന്മാരും ദേശീയ സംഘടന-ജനറല്‍ സെക്രട്ടറിമാരും പങ്കെടുത്ത യോഗം പലനിലകളിലും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം അടുത്തവര്‍ഷം ശതാബ്ദിയാഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി സാമൂഹ്യസമരസത, കുടുംബ പ്രബോധനം, പരിസ്ഥിതി സംരക്ഷണം, സ്വദേശി ജാഗരണം, പൗരധര്‍മം എന്നിവയിലൂന്നിയുള്ള അഞ്ചിന കര്‍മപരിപാടികള്‍ക്ക് രൂപംനല്കിയിട്ടുണ്ട്. ഇത് എങ്ങനെ വിജയകരമായി പൂര്‍ത്തിയാക്കാമെന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ സമന്വയ ബൈഠക്കില്‍ നടന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍വതല സ്പര്‍ശിയായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനജീവിതത്തില്‍ ഇത് വലിയ പ്രഭാവം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സംഘടനാതലത്തില്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. രാജ്യവ്യാപകമായി അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തനമുള്ള സംഘത്തിന് തീരുമാനിക്കുന്ന കാര്യങ്ങള്‍ സമയബന്ധിതമായി നിര്‍വഹിക്കാനും കഴിയും.
സംഘത്തിനെതിരായ എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടി അതിന്റെ ഇതുവരെയുള്ള ചരിത്രമാണെന്ന് സമന്വയ ബൈഠക്കിന്റെ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുമ്പോള്‍ അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറയുകയുണ്ടായി. സംഘത്തിനെതിരെ മുന്‍കാലങ്ങളില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് പില്ക്കാലത്ത് തെളിഞ്ഞിട്ടുണ്ട്.
സംഘപ്രവര്‍ത്തനത്തെ അടുത്തറിയാത്തതിന്റെ ഫലമായും, കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയും ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട്. ലോക്നായക് ജയപ്രകാശ് നാരായണനെപ്പോലെ മുന്‍വിധികള്‍ മാറ്റിവച്ച് സംഘപ്രവര്‍ത്തനത്തെ അടുത്തറിഞ്ഞപ്പോള്‍ അഭിപ്രായങ്ങള്‍ക്ക് മാറ്റംവന്ന നിരവധി പേരുണ്ട്. സംഘത്തിനെതിരെ അപവാദപ്രചാരണം നടത്തുന്നത് തൊഴിലാക്കിയവര്‍ സ്വയം തുറന്നുകാട്ടപ്പെടുകയും, ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും ചെയ്തു.
നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കേരളത്തിലെ ചരിത്രത്തിലുമുണ്ട് വി.ടി. ഇന്ദുചൂഡനെപ്പോലെ ഒരുകാലത്ത് സംഘത്തിന്റെ നിശിതവിമര്‍ശകരായെത്തി പിന്നീട് ആത്മമിത്രങ്ങളായവര്‍. അഖിലഭാരതീയ സമന്വയ ബൈഠക് വര്‍ഷംതോറും നടക്കുന്നതാണെങ്കിലും സംഘം ജന്മശതാബ്ദിയാഘോഷത്തിന്റെ പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോഴാണ് ഈ വര്‍ഷത്തെ ബൈഠക് പാലക്കാട് നടന്നതെന്ന പ്രാധാന്യമുണ്ട്. കേരളം ഉത്തര-ദക്ഷിണ പ്രാന്തങ്ങളായി മാറി പ്രവര്‍ത്തനം വിപുലീകരിക്കുമ്പോഴാണ് സംഘത്തിന്റെ ഇങ്ങനെയൊരു ബൈഠക് കേരളത്തില്‍ നടന്നത്.
സമന്വയ ബൈഠക്ക് ചര്‍ച്ചയ്ക്ക് വിധേയമാക്കിയ കാതലായ നിരവധി പ്രശ്നങ്ങളില്‍ സംഘത്തിന്റെ സുവ്യക്തമായ നിലപാട് വ്യക്തമാക്കുകയുണ്ടായി. ഇതിലൊന്ന് സ്ത്രീ സുരക്ഷയെക്കുറിച്ചാണ്. ബംഗാളില്‍ യുവവനിതാ ഡോക്ടര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ച നടന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നിയമസംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച് പെട്ടെന്ന് നീതിയുണ്ടാവണം. ആവശ്യമെങ്കില്‍ നിയമം ശക്തമാക്കുന്നതിനു പുറമെ ബോധവല്‍ക്കരണവും ആത്മരക്ഷാ പദ്ധതികളും വേണം. സമൂഹത്തിന്റെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്നും, ഈ ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച മഹിളാ സമ്മേളനങ്ങളില്‍ ആറ് ലക്ഷത്തോളം പേര് പങ്കെടുത്തതായും സമന്വയ ബൈഠക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്ത്രീ സുരക്ഷ വലിയ വെല്ലുവിളി നേരിടുന്ന ഒരു സംസ്ഥാനമാണ് കേരളം.
മലയാള സിനിമാ രംഗത്ത് സത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളെക്കുറിച്ചും അവഗണനയെക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നത് സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇരകള്‍ അക്കാര്യം തുറന്നു പറഞ്ഞിട്ടും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ് കേരളത്തിലെ ഭരണസംവിധാനം. സ്ത്രീശാക്തീകരണത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചുമുള്ള ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങള്‍ കാപട്യമാണെന്ന് സമ്പൂര്‍ണമായി തെളിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സ്ത്രീസുരക്ഷ സംബന്ധിച്ച് സംഘം മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: