തൃശ്ശൂര്‍: പൂരം അലങ്കോലമാക്കിയതിന്റെ പാപഭാരത്തില്‍ നിന്ന് കൈകഴുകാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നതെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍. തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഉത്തരവാദി ഇടതുപക്ഷം മാത്രമാണ.് പിണറായി വിജയന് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ പോലീസുമായി ബിജെപി ഗൂഢാലോചന നടത്തിയെന്നത് ബാലിശമായ ആക്ഷേപമാണ്.
പൂരത്തിന് മുന്നോടിയായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. വി.എസ്. സുനില്‍കുമാറും കെ. രാജനുമാണ് ഗൂഢാലോചന നടത്തി പൂരം അട്ടിമറിക്കാന്‍ നിര്‍ദേശം നല്‍കിയത്. പൂരം അട്ടിമറിക്കുക എന്നത് ഇടതുപക്ഷത്തിന്റെ നയമായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇടതുപക്ഷത്തിന്റെ രീതിയാണ്. ക്ഷേത്ര ഉത്സവങ്ങളെയും ആചാരങ്ങളെയും തകര്‍ക്കുകയെന്നതാണ് ഇടതുപക്ഷത്തിന്റെ നയം. ശബരിമലയിലെ ആചാരലംഘനത്തിന് അവര്‍ ചെയ്ത കാര്യങ്ങള്‍ തന്നെ തെളിവ്.
പൂരം എക്സിബിഷന് തറവാടക വര്‍ധിപ്പിച്ചും, കുടമാറ്റത്തിന് കുടകള്‍ എത്തിക്കുന്നതിന് തടസം നിന്നും, പൂര കമ്മിറ്റി ഭാരവാഹികളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കാതെയും, പൂരം എഴുന്നള്ളിപ്പ് കടത്തിവിടാതെയും, പൂരം കാണാന്‍ വന്നവരെ ലാത്തിച്ചാര്‍ജ് ചെയ്തും, ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ പോലീസിന് നോണ്‍വെജ് ഭക്ഷണം നല്‍കിയും പൂരം തകര്‍ക്കല്‍ പോലീസിനെ വച്ച് നടപ്പാക്കുകയായിരുന്നു. ഇതിനെതിരെ പൂരവിശ്വാസികളും പൂരക്കമ്മിറ്റിക്കാരും പൂരം നിര്‍ത്തിവച്ച് ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് കമ്യൂണിസ്റ്റ് പദ്ധതി പാളിയത്.
പൂരം മുടങ്ങാതിരിക്കാനാണ് അസുഖമായിട്ടും സുരേഷ് ഗോപി രംഗത്തിറങ്ങിയത്. തൃശ്ശൂരിലെ ജനത മണ്ടന്മാരല്ലാത്തത് കൊണ്ട് അവര്‍ക്ക് കാര്യങ്ങളൊക്കെ മനസിലായെന്നും അനീഷ്കുമാര്‍ പറഞ്ഞു. തൃശ്ശൂരില്‍ താമര വിരിഞ്ഞപ്പോള്‍ മൂന്നു പേരുടെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞു.
ഒന്ന് പ്രതാപന്റെ ചെവിയിലും രണ്ടാമത്തേത് കെ. മുരളീധരന്റെ ചെവിയിലും ആയിരുന്നു. മൂന്നാമത്തെ ചെമ്പരത്തി സുനില്‍കുമാറിന്റെ ചെവിയിലാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നതാണ് ബിജെപി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ല ജനറല്‍ സെക്രട്ടറി ജസ്റ്റിന് ജേക്കബ്, തൃശ്ശൂര്‍ മണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി. മേനോന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: