കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. കൊല്‍ക്കത്തയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. സന്ദീപ് ഘോഷിനെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ എട്ട് ദിവസത്തേക്കാണ് കോടതി സന്ദീപ് ഘോഷിനെ കസ്റ്റഡിയില്‍ വിട്ടത്.
സന്ദീപ് ഘോഷിനെ കൂടാതെ ബിപ്ലവ് സിന്‍ഹ, സുമന്‍ ഹസ്ര, അഫ്‌സര്‍ അലി ഖാന്‍ എന്നിവരെയും സിബിഐ അറസ്്റ്റ് ചെയ്തിരുന്നു. ഇവരെയും കോടതിയ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. സപ്തംബര്‍ 10ന് നാലുപേരെയും വീണ്ടും കോടതിയില്‍ ഹാജരാക്കും.
അറസ്റ്റിലായവരില്‍ അഫ്‌സര്‍ അലി ഖാന്‍ നല്കിയ ജാമ്യഹര്‍ജി കോടതി തള്ളി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ നാലുപേരെയും അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജിലെ അഴിമതിയുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിന്റെ വീട്ടിലും സഹപ്രവര്‍ത്തകരുടെ വീട്ടിലും സിബിഐ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സത്യസന്ധത ഇല്ലായ്മ, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ ഏഴ് എന്നിവയാണ് സന്ദീപിനെതിരെ ചുമത്തിയിരിക്കുന്നത്. വനിതാ ഡോക്ടറിന്റെ കൊലപാതകത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളും ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച അന്വേഷണങ്ങളും സിബിഐ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: