കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് നടി രഞ്ജിനി നല്കിയ ഹര്‍ജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. ജസ്റ്റിസ് വി.ജി. അരുണിന്റെതാണ് തീരുമാനം. നടപടികള്‍ അവസാനിപ്പിച്ചെങ്കിലും ആവശ്യമെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്ജിക്കാരന് ഹൈക്കോടതി അനുമതി നല്കി.
റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് തന്റെ മൗലികാവകാശങ്ങളെയും സ്വകാര്യതയെയും താനടക്കമുള്ള സാക്ഷികള്‍ക്ക് വാഗ്ദാനം ചെയ്ത രഹസ്യസ്വഭാവത്തെയും ഹനിക്കുമെന്ന് വാദിച്ച് രഞ്ജിനി നേരത്തെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാല്‍, കേസ് സിംഗിള്‍ ബെഞ്ചിലേക്ക് നല്കാന് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. അന്നുതന്നെ സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയെങ്കിലും ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് പുറത്തുവന്നു.
എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ചലച്ചിത്ര നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ അപ്പീല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ.് മനു എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
അപ്പീല്‍ പരിഗണിക്കവേ റിപ്പോര്‍ട്ട് പുറത്ത് വന്നത് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍, കൂടുതല്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ ബാക്കിയുണ്ടെന്ന് സജിമോന്റെ അഭിഭാഷകന് വാദിച്ചു, തുടര്‍ന്ന് അപ്പീല്‍ സപ്തം. 5 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: