ലഖ്നൗ: വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ അത്യാധുനിക ഫയറിങ് റേഞ്ചൊരുക്കാന് സൈന്യം നടപടി തുടങ്ങി. അയോദ്ധ്യയില്‍ അന്താരാഷ്ട്ര വിമാനത്താവളം വന്നതിനെ തുടര്‍ന്ന് അവിടെയുള്ള ഫയറിങ് റേഞ്ച് ഡീ കമ്മിഷന് ചെയ്തതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ പുതിയ റേഞ്ചിന് നീക്കം. ചൈനയുടെ സംഘര്ഷനീക്കങ്ങള് സജീവമായി തുടരുന്ന പശ്ചാത്തലത്തില്‍ തീരുമാനം നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
അതിര്‍ത്തിയില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്. സൈനിക പരിശീലന പരിപാടികളുടെ നട്ടെല്ലായാണ് ഫീല്‍ഡ് ഫയറിങ് റേഞ്ചുകളെ കണക്കാക്കുന്നത്. പുതിയതായി സൈന്യത്തിലെത്തുന്നവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും പരിചയസമ്പന്നരായ സൈനികരെ യുദ്ധത്തിന് സജ്ജരാക്കുന്നതിനും ഇത് അനിവാര്യമാണ്.
സുരക്ഷിതവും പ്രവര്‍ത്തനക്ഷമവുമായ ഫയറിങ് റേഞ്ചിന്റെ അഭാവം സായുധ സേനയുടെ കരുത്ത് നിലനിര്‍ത്തുന്നതില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഭാരതം ആധുനിക രീതിയിലുള്ള പുതിയ ഫയറിങ് റേഞ്ചുകളുടെ സാധ്യത തെരയുന്നതെന്ന് സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
പുതിയ റേഞ്ച് പ്രവര്‍ത്തനക്ഷമമായാല്‍, ടാങ്കുകളും ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിളുകളും (ഐസിവി) ഉള്‍പ്പെടെയുള്ളവ വിന്യസിക്കുന്നതിന് ഇത് കരസേനയെ സഹായിക്കും. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ദുര്‍ഘടമായ പ്രദേശങ്ങളില്‍ പ്രതിരോധസേനയെ സജ്ജരാക്കുന്നതിന് ഇത് ആവശ്യമാണ്.
പുതിയ ഫയറിങ് റേഞ്ചുകള്‍ സജ്ജമാക്കുന്നതിന് പിന്നാലെ പ്രവര്‍ത്തനങ്ങളില്‍ ഹരിത സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും സൈന്യം തുടക്കമിടുന്നു. ഇലക്ട്രിക് കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, ബസുകള്‍ എന്നിവയെ വാഹനവ്യൂഹത്തിലേക്ക് ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വാങ്ങും. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പറേഷന് (എന്‍ടിപിസി) എന്നിവയുമായി സഹകരിച്ച് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകളും ബസുകളും സ്ഥാപിക്കുന്നതിന്, ലേ, ചുഷൂല്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ സംവിധാനമൊരുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: