ആലപ്പുഴ: മാല മോഷണ വിവാദത്തില്‍ കുറ്റാരോപിതനായ ആലപ്പുഴ നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്കും, ചെയര്‍പേഴ്സനും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ പരാതി നല്കി. കൗണ്‍സിലര്‍മാരായ മനു ഉപേന്ദ്രന്, സുമ എന്നിവരും ഉണ്ടായിരുന്നു. ഇതോടെ മുഖം രക്ഷിക്കാന്‍ നടപടിയുമായി അധികൃതര്‍ രംഗത്തെത്തി.
നഗരസഭയിലെ കണ്ടിജന്റ് വര്‍ക്കറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു വന്ന മാല മോഷണ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുന്നതിന് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു. നഗരസഭയില്‍ വച്ച് നടന്ന സംഭവമല്ലങ്കിലും ഇത്തരത്തില്‍ ഒരു ആരോപണം കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ അടക്കം ഉയര്‍ന്ന് വന്ന നിലയ്ക്കാണ് ജീവനക്കാരനെ മാറ്റി നിര്‍ത്തുന്നതെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. ജീവനക്കാരനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നുമായിരുന്നു ചെയര്‍പേഴ്സണും, സെക്രട്ടറിയും നേരത്തെ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപി രേഖാമൂലം പരാതി നല്‍കിയത്. കോണ്‍ഗ്രസും പ്രക്ഷോഭ രംഗത്തുണ്ടായിരുന്നു.
ജൂലായ് 25നായിരുന്നു നഗരസഭയിലെ ഒരു സ്ഥിരംസമിതി അധ്യക്ഷയുടെ മകന്റെ പിറന്നാളാഘോഷത്തിനിടയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മൂന്നു പവന് മാല മോഷണംപോയത്. രണ്ടാഴ്ചയ്ക്കുശേഷം സഹപ്രവര്ത്തകന് തന്നെയാണ് മോഷ്ടിച്ചതെന്ന വിവരം ലഭിച്ചു. ഇയാള്‍ മാല പണയംവെക്കാനെത്തിയത് നഗരസഭയിലെ തന്നെ ഒരു ജീവനക്കാരന്റെ ഭാര്യ ജോലിചെയ്യുന്ന സ്ഥാപനത്തിലായിരുന്നു. അവര്‍ മാല തിരിച്ചറിഞ്ഞ് എല്ലാവരെയും വിവരമറിയിക്കുകയായിരുന്നു. ഒടുവില്‍ കളഞ്ഞുകിട്ടിയതാണെന്നു പറഞ്ഞ് മാല തിരികെ നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ നഗരസഭ താത്കാലിക ജീവനക്കാരനായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: