Kerala

അന്‍വറിന്റേത് സത്യസന്ധമായ അഭിപ്രായം, ഫേയ്‌സ്ബുക്കിലൂടെ പിന്തുണച്ച് സിപിഎം എംഎല്‍എ യു.പ്രതിഭ

Published by

കോട്ടയം: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി അന്‍വറെ ഫേയ്‌സ്ബുക്കിലൂടെ പിന്തുണച്ച് സിപിഎം എംഎല്‍എ യു.പ്രതിഭ. പ്രിയപ്പെട്ട അന്‍വര്‍, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്. പിന്തുണ. എന്നാണ് ഒറ്റവരി പോസ്റ്റ്. പിന്നാലെ ഇതിന്‌റെ വിശദീകരണവുമെത്തി. അന്‍വറിന്റേത് സത്യസന്ധമായ അഭിപ്രായമാണ്. ആഭ്യന്തരവകുപ്പില്‍ എക്കാലത്തും ഒരു പവര്‍ ഗ്രൂപ്പുണ്ടായിരുന്നു. അതു പരിശോധിക്കണം. മുഖ്യമന്ത്രിക്കെതിരേയല്ല. ഒരു സംവിധാനത്തിലെ തിരുത്തലാണ് അന്‍വര്‍ ഉദ്ദേശിക്കുന്നത്. അതു മുഖ്യമന്ത്രിക്കെതിരേയാണെന്നു വരുത്തുന്നതു മാധ്യമങ്ങളാണ്. കോണ്‍ഗ്രസുകാര്‍ പോലും വിഷയത്തെ അങ്ങനെയാണു കാണുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു വന്നപ്പോഴും അതു മുകേഷിനെതിരേയുള്ള നീക്കമായി ചുരുക്കാനാണ് എതിരാളികള്‍ ശ്രമിച്ചത്. കമ്മിറ്റി ഉദ്ദേശിച്ചത് സിനിമ മേഖലയിലെ പൊതുവായ തിരുത്തലാണ്. അതുപോലെ അന്‍വറിന്റെ ആരോപണങ്ങള്‍ പരിശോധിക്കപ്പെടണം.
ഉമ്മന്‍ചാണ്ടിക്കെതിരേ സിഡിയുണ്ടെന്നു പറഞ്ഞ് തപ്പിപ്പോയ മാധ്യമങ്ങള്‍ ഇതിലും ഉത്സാഹം കാണിക്കണം. മിടുക്കരായ എത്രയോ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുണ്ട്. രാജു നാരായണസ്വാമിയൊക്കെ ഏതോ മൂലയ്‌ക്കിരിപ്പാണ്.
പേടിയുള്ളതിനാല്‍ ആരും തുറന്നുപറയില്ല. സ്തുതിപാടലും മിനുക്കിയ വാക്കുകളുമല്ല, പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും വേണ്ടത്. പ്രതിഭ വിശദീകരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by