തിരുവനന്തപുരം : അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കായിക മന്ത്രി വി അബ്ദുറഹിമാന് സ്പെയിനിലേക്ക് . ബുധനാഴ്ച പുലര്‍ച്ചെ മന്ത്രി സ്പെയിനിലേക്ക് പുറപ്പെടും.
കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിക്കൊപ്പം സ്പെയിനിലേക്ക് പോകുന്നുണ്ട്. സ്പെയിന് തലസ്ഥാനമായ മാഡ്രിഡില്‍ മന്ത്രി വി അബ്ദുറഹിമാന് അര്‍ജന്റീന ഫുട്ബോള്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
നേരത്തേ സൗഹൃദമത്സരം കളിക്കാന്‍ അര്‍ജന്റീന താത്പര്യം അറിയിച്ചെങ്കിലും ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള വന്‍ ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണം എന്നാണ് വാര്‍ത്ത്. ഇതോടെ അര്‍ജന്റീന ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മന്ത്രി അബ്ദുറഹ്മാന് പറഞ്ഞിരുന്നു. ടീമിനെ ക്ഷണിച്ച് മന്ത്രി, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചിരുന്നു.
നേരത്തേ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു.കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുളള അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി മന്ത്രി വി. അബ്ദുറഹ്മാന് നേരത്തേ അറിയിച്ചിരുന്നു
2022ലെ ലോകകപ്പ് നേടിയതിന് ശേഷം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പിന്തുണ നല്‍കിയതിന് കേരളത്തിലെ കാണികള്‍ക്കും നന്ദിയറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: